കതിരൂർ മനോജ് വധം: വാദം കേൾക്കൽ നീട്ടാനാവില്ല, പി. ജയരാജൻെറ ആവശ്യം ഹൈകോടതി തള്ളി
text_fieldsകൊച്ചി: കതിരൂർ മനോജ് വധക്കേസിൽ വാദത്തിനു കൂടുതൽ സമയം വേണമെന്ന സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻെറ ആവശ്യം ഹൈകോടതി തള്ളി. കേസ് ഇന്നോ നാളെയോ കൊണ്ട് തീർപ്പാക്കണം എന്ന് ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി. സി.ബി.ഐക്ക് സംസ്ഥാന സർക്കാരിൻെറ അനുമതിക്കായി കാത്തു നിൽക്കേണ്ട ആവശ്യം ഇല്ല എന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. പ്രതികളുടെ അഭിഭാഷകൻ സമയം നീട്ടി ചോദിച്ചതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
പ്രതികൾക്ക് എതിരെ യു.എ.പി.എ വകുപ്പ് ചുമത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഉണ്ട്. കേന്ദ്ര സർക്കാറിൻെറ യു.എ.പി.എ വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. ഉന്നത രാഷ്ട്രീയ ബന്ധം ഉള്ളവർ യു.എ.പി.എ വകുപ്പ് പ്രകാരം പ്രതികൾ ആവുമ്പോൾ അവരെ വിചാരണ ചെയ്യാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിൻെറ അനുമതിക്ക് കാത്തു നില്കുന്നത് അപഹാസ്യം ആണെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ വാദിച്ചു.
കേസിൻറെ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികൾ ഹർജി നൽകിയത്. സംസ്ഥാന സർക്കാറിെൻറ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാണ് ഹരജിക്കാരുടെ വാദം. സംസ്ഥാന സർക്കാറിെൻറ അധികാര പരിധിയിലുള്ള കേസിൽ യു.എ.പി.എ ചുമത്തണമെങ്കിൽ സർക്കാറിെൻറ അനുമതി വേണമെന്ന ചട്ടം ലംഘിച്ചന്നാണ് ഹരജിക്കാരുടെ വാദം.
യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നൽകാനായി നിയമ സെക്രട്ടറി ചെയർമാനും ആഭ്യന്തര സെക്രട്ടറി, ഇൻറലിജൻസ് ഐ.ജി എന്നിവർ അംഗങ്ങളുമായ ഒരു സമിതിക്ക് 2009 ൽ സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിൽ സി.ബി.ഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ സർക്കാറും സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
