കോവിഡ് രോഗിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല -പൊലീസ് കേസെടുത്ത കാസർകോട് സ്വദേശി
text_fieldsകാസർകോട്: താൻ കോവിഡ് രോഗിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കാസർകോട്ടെ കോവിഡ് രോഗികളുടെ ഡാറ്റ ചോർന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ച ഉദുമ പള്ളിപ്പുഴയിലെ ഇംദാദ്. ബന്ധുക്കൾ കോവിഡ് രോഗികളായി കാസർകോട് ജനറൽ ആശുപത്രിയിലുണ്ടായിരുന്നു. അവരുടെ രോഗവിവരങ്ങൾ ചോദിച്ചും തുടർചികിത്സ നിർദേശിച്ചും അവർക്ക് ഫോണുകൾ വന്നു. അക്കാര്യം തന്നോട് പറഞ്ഞു. താൻ ഇക്കാര്യം ഇ-മെയിൽ വഴി മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി പരിശോധിച്ചു വരികയാണെന്ന് മറുപടിയും ലഭിച്ചു. പിന്നാലെയാണ് തന്‍റെ പേര് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുകയും ബേക്കൽ പൊലിസ് കേസെടുക്കുകയും ചെയ്തതെന്ന് ഇംദാദ് പറയുന്നു.
ഏപ്രിൽ 12 ന് തന്‍റെ ബന്ധുക്കളായ രോഗികളുടെ ഡിസ്ചാർജ് സമയത്ത് രോഗികൾക്ക് വന്ന ഫോൺ കോളിനെക്കുറിച്ച് മെഡിക്കൽ ഓഫിസറോട് പറഞ്ഞിരുന്നു. ഏപ്രിൽ 25ന് കാസർകോടുനിന്ന് മാത്രമല്ല, ബംഗളൂരുവിൽനിന്നും ഫോണുകൾ വന്നതായി വേറെ ചിലർ പറഞ്ഞു. ഇതുസംബന്ധിച്ച് ലഭിച്ച പരാതികൾ ഡി.എം.ഒക്ക് കൈമാറിയതായി ആർ.എം.ഒ പറഞ്ഞു. ഈ സമയം ജനറൽ ആശുപത്രി പരിസരത്തുണ്ടായ ചാനലുകാർ സംഭവം റിപ്പോർട്ട് ചെയ്തു.
ചില രോഗികളുടെ മൊഴികൾ താൻ എടുത്തു കൊടുത്തു. തനിക്കെതിരെ ഐ.പി.സി 153, 120 (ഒ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സർക്കാറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും വ്യാജ പ്രചാരണം നടത്തിയെന്നുമാണ് കേസ്. താൻ കോവിഡ് രോഗിയെന്ന് എവിടെയും പറഞ്ഞിട്ടില്ല -ഇബാദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.