കുളത്തിൽ കുളിക്കുന്നതിനിടെ ചെരിപ്പ് ഒഴുകിപ്പോയി, എടുക്കാനുള്ള ശ്രമത്തിനിടെ പൊലിഞ്ഞത് രണ്ട് കുഞ്ഞുജീവനുകൾ; കണ്ണീരടക്കാനാവാതെ കാഞ്ഞങ്ങാട്
text_fieldsമരിച്ച അഫാസ്, അൻവർ
കാഞ്ഞങ്ങാട്: രണ്ട് പിഞ്ചുകുട്ടികളുടെ ദാരുണമരണത്തിന്റെ ഞെട്ടലിൽനിന്ന് മോചിതരാകാതെ കാഞ്ഞങ്ങാട്. മഡിയൻ പാലക്കിയിലെ പഴയ പള്ളിക്കുളത്തിലാണ് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. മഡിയൻ പാലക്കി സ്വദേശിയും മാണിക്കോത്ത് നാലാം വാർഡ് മുസ്‍ലിംലീഗ് ട്രഷററുമായ അസീസിന്റെ മകൻ അഫാസ് (ഒമ്പത്), മൂസഹാജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹൈദറിന്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്.
അൻവറിന്റെ സഹോദരൻ ഹാഷിഖിനെ ഗുരുതര നിലയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നിനും 3.45നും ഇടയിലാണ് അപകടം. പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ.
കുളിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചെരിപ്പ് കുളത്തിന്റെ മധ്യഭാഗത്തേക്ക് ഒഴുകിപ്പോവുകയും ഇതെടുക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപെടുകയുമായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി കുട്ടികളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികളെ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ കുളത്തിൽ വെള്ളം ഉയർന്നിരുന്നു. ഇതറിയാതെ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപെട്ടത്.
നാട്ടുകാരും അഗ്നിരക്ഷസേനയും രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികളെയും രക്ഷിക്കാനായില്ല. അപ്രതീക്ഷിതമായെത്തിയ അപകടത്തിൽ നാടൊന്നടക്കം കണ്ണീരിലായി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കുട്ടികളുടെ ഖബറടക്കം വെള്ളിയാഴ്ച നടക്കും. അപകടവിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. പൊലീസും സ്ഥലത്തെത്തി. കൂടുതൽ കുട്ടികൾ അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അഗ്നിരക്ഷസേന ഏറെനേരം കുളത്തിൽ തിരച്ചിൽ നടത്തി മറ്റ് കുട്ടികളില്ലെന്ന് ഉറപ്പുവരുത്തി. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ മൂന്ന് കുട്ടികൾക്കും ജീവന്റെ തുടിപ്പുണ്ടായിരുന്നു. എന്നാൽ, ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനുള്ളിൽ രണ്ട് കുട്ടികളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു. സാധാരണനിലയിൽ ആറടി താഴ്ചയിൽ വെള്ളമുണ്ടായിരുന്ന കുളത്തിൽ മഴ പെയ്തതോടെ 11 അടിയായി ഉയർന്നു. ഇതാണ് അപകടത്തിന്റെ പ്രധാന കാരണമായതെന്ന് കരുതുന്നു.
മാണിക്കോത്ത് കെ.എച്ച്.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് അഫാസ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: അർഫാത്ത്, അഫ്ന. ചിത്താരി ഹിമായത്തുൽ എ.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് അൻവർ. മാതാവ്: ആബിദ. അജ് വദ് മറ്റൊരു സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

