കാസർകോട് ബാലകൃഷ്ണൻ വധം: പ്രതികൾക്ക് ജീവപര്യന്തം
text_fields
കൊച്ചി: യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം പ്രസിഡൻറായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ ഒന്നും രണ്ടും പ്രതികളായ കാസർകോട് കൂനിക്കുന്ന് പാദൂർ റോഡ് ചട്ടഞ്ചാൽ ജന്നത്തുൽ ഫിർദൗസിൽ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാൽ, തളങ്കര കെ.എ ഹൗസിൽ ജാക്കി ഹനീഫ് എന്ന മുഹമ്മദ് ഹനീഫ് എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി എസ്. സന്തോഷ് കുമാർ ശിക്ഷിച്ചത്. പ്രതിഭാഗത്തിെൻറയും പ്രോസിക്യൂഷെൻറയും വാദം കേട്ട കോടതി കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് ജീവപര്യന്തം തടവ് വിധിച്ചത്.
കൊലപാതകം, ഗൂഢാലോചന കുറ്റങ്ങൾക്ക് രണ്ട് ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. തടവുശിക്ഷക്ക് പുറമെ വിധിച്ചിരിക്കുന്ന പിഴ നൽകിയില്ലെങ്കിൽ രണ്ടുവർഷംകൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാൽ ഇത് കൊല്ലപ്പെട്ട ബാലകൃഷ്ണെൻറ പിതാവ് ഗോപാലന് നൽകാനാണ് നിർദേശം. നിയമം അനുശാസിക്കുന്ന ഉയർന്ന ശിക്ഷതന്നെ പ്രതികൾക്ക് നൽകണമെന്നായിരുന്നു സി.ബി.െഎ പ്രോസിക്യൂട്ടറുടെ വാദം. ബാലകൃഷ്ണൻ മാത്രമായിരുന്നു മാതാപിതാക്കളുടെ ഏക ആശ്രയമെന്നും പ്രതികൾക്ക് പരമാവധി പിഴ ചുമത്തണമെന്നും സി.ബി.െഎ വാദിച്ചു. എന്നാൽ, പ്രതികളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ വിധിയിൽ പരിഗണിക്കണമെന്നാണ് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടത്. മൂന്ന് മക്കളുള്ള ഒന്നാം പ്രതിയുടെ ഒരുകുട്ടിക്ക് ഭാഗിക കാഴ്ച മാത്രമാണുള്ളത്. കുട്ടിയുടെ ചികിത്സക്കുള്ള പണം കണ്ടെത്താൻ ഇയാൾ ബുദ്ധിമുട്ടുകയാണ്. രണ്ടാം പ്രതി ഹൃദ്രോഗിയാണെന്നും ഇൗ സാഹചര്യത്തിൽ കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കരുതെന്നുമായിരുന്നു പ്രതിഭാഗത്തിെൻറ വാദം.
2001 സെപ്റ്റംബർ 18നാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. ഗൂഢാലോചനയെത്തുടർന്ന് ഇഖ്ബാലും മുഹമ്മദ് ഹനീഫും ചേർന്ന് കാസർകോട് നുള്ളിപ്പടിയിൽനിന്ന് ബാലകൃഷ്ണനെ കാറിൽ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപംവെച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ മൂന്ന് പ്രതികളെ കോടതി കഴിഞ്ഞദിവസം വെറുതെ വിട്ടിരുന്നു. തയലങ്ങാടി മല്ലിഗ ഹൗസിൽ അബ്ദുൽ ഗഫൂർ, ചെങ്ങള മുട്ടത്തൊടി സഫീന മൻസിലിൽ എ.എം. മുഹമ്മദ്, ഉപ്പള മണ്ണംകുഴി ഹാജി മലഗ് ദർബാറിൽ അബൂബക്കർ എന്നിവരെയാണ് വെറുതെ വിട്ടത്.
അഞ്ചാം പ്രതി അബൂബക്കറിെൻറ മകളെ ബാലകൃഷ്ണൻ വിവാഹം ചെയ്തതിെല വിരോധമാണ് കൊലക്ക് കാരണമെന്നാണ് സി.ബി.െഎ കണ്ടെത്തിയിരുന്നത്. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. വിധി കേൾക്കാൻ ബാലകൃഷ്ണെൻറ പിതാവ് ഗോപാലൻ കോടതിയിലെത്തിയിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് ഹൈകോടതി നിർദേശപ്രകാരമാണ് സി.ബി.െഎ ഏറ്റെടുത്തത്.
കൂറുമാറിയ സാക്ഷികൾക്ക് നോട്ടീസ്
െകാച്ചി: കാസർകോട് ബാലകൃഷ്ണൻ വധക്കേസിൽ കോടതിയിൽ കൂറുമാറിയ രണ്ട് സാക്ഷികൾക്ക് നോട്ടീസ്. കേസിലെ 25 ഉം 26 ഉം സാക്ഷികളും കാസർകോട് സ്വദേശികളുമായ മുഹമ്മദ് കുഞ്ഞി, സി.എ. അബ്ബാസ് എന്നിവർക്കാണ് സി.ബി.െഎ അപേക്ഷയെത്തുടർന്ന് കോടതി നോട്ടീസ് അയച്ചത്. ഇരുവരും വർഷങ്ങൾക്കുമുമ്പ് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. എന്നാൽ, വിചാരണഘട്ടത്തിൽ ഇരുവരും മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിക്ക് വിരുദ്ധമായി പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.െഎ കോടതിയെ സമീപിച്ചത്. ഇവർ ഹാജരായശേഷം കേസ് വിചാരണ നടപടിക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് ൈകമാറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
