40 കിലോയോളം മ്ലാവിറച്ചിയും തോക്കുമായി യുവാവ് അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: വേട്ടയാടിയ മ്ലാവിന്റെ 40 കിലോയോളം ഇറച്ചിയുമായി ഒരാളെ അറസ്റ്റ് ചെയ്തു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി. രാജുവിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. പനത്തടി സെക്ഷനിലെ പനത്തടി റിസർവ് വനമേഖലയിൽ കാട്ടൂർ കൂപ്പ് ഭാഗത്ത് വന്യമൃഗ വേട്ട നടക്കുന്നെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി. രാജു ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.വി. പ്രകാശൻ, വിമൽ രാജ്, വിനീത്, പ്രവീൺകുമാർ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് ആയ സുമേഷ് കുമാർ എന്നിവർ പുലർച്ച സ്ഥലത്തെത്തുകയും ചാക്കിലാക്കിയ ഇറച്ചിയുമായി വരുന്ന മൂന്നു പ്രതികളെ കാണുകയുമായിരുന്നു.
പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പിടികൂടി. കർണാടക സ്വദേശി എം.എച്ച്. സിദ്ദീഖ് (50) ആണ് പിടിയിലായത്. ബാക്കിയുള്ള പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. നൗഫൽ, സുബൈർ എന്നിവരാണ് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. 40 കിലോയോളം ഭാരം ഉള്ള മ്ലാവ് ഇറച്ചിയും ഒരു തോക്കും ഉണ്ടയും പ്രതിയുടെ കൈയിൽനിന്ന് പിടിച്ചെടുത്തു. മാസങ്ങളായി ഈ ഭാഗങ്ങളിൽ വനം വകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ മുമ്പാകെ ഹാജരാക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. മ്ലാവിന്റെ തലയും ഉടലും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ രാജീവൻ പ്രതിയുടെ മൊഴി രേഖപ്പെടുത്തി. രക്ഷപ്പെട്ട പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്ഥിരം വേട്ട ടീം ആണിവരെന്ന് വനപാലകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

