യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsരാഹുൽ
കാഞ്ഞങ്ങാട്: ഗൾഫുകാരന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഹോസ്ദുർഗ് ബാവ നഗർ നവോദയ ക്ലബിനടുത്ത ജെ. രാഹുൽ എന്ന ജുഡോ രാഹുൽ (34) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവുമാണ് അറസ്റ്റുചെയ്തത്. ഹോസ്ദുർഗ് പൊലീസ് കഴിഞ്ഞ 23നാണ് യുവതി നൽകിയ പരാതിയിൽ കേസെടുത്തത്.
ഭർതൃമതിയെ പീഡിപ്പിക്കാൻ ഒത്താശയും സഹായവും ചെയ്ത ദമ്പതികളെ കേസിൽ തിരയുന്നുണ്ട്. പീഡനത്തിന് ഒത്താശ ചെയ്ത രാജൻ, ഭാര്യ മിനി എന്നിവർ കേസിൽ പ്രതികളാണ്. ആവിക്കര ഭാഗത്തെ വാടക വീട്ടിലായിരുന്നു പീഡനമെന്നാണ് പരാതി. രാജനും ഭാര്യയും താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് ഭർതൃമതിയെ പീഡനത്തിനിരയാക്കിയത്. രാജനാണ് യുവതിയെ രാഹുലിന് പരിചയപ്പെടുത്തിയത്.
രാജന്റെ വീട്ടിൽ എത്തിച്ച യുവതിയെ രാഹുൽ, രാജന്റെയും ഭാര്യ മിനിയുടെയും ഒത്താശയോടെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ രാഹുൽ, ഇത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കാതിരിക്കാൻ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

