നഗരസഭയോടാണ്; വനിത വിശ്രമകേന്ദ്രം തുറക്കുന്നില്ലേ?
text_fieldsകാസർകോട് നഗരസഭ നിർമിച്ച വനിത വിശ്രമകേന്ദ്രം
കാസർകോട്: നഗരത്തിലെത്തുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും പ്രശ്നങ്ങൾ മുൻ നിർത്തി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭ നിർമിച്ച വനിത വിശ്രമകേന്ദ്രം തുറക്കുന്നില്ലേ? യാത്രക്കാരായ സ്ത്രീകളും കുട്ടികളും ചോദിക്കുന്ന ചോദ്യമിതാണ്. ഡിസംബർ 31ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്ത വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മാസം പകുതി പിന്നിട്ടിട്ടും സ്ത്രീകൾക്ക് എത്തിനോക്കാൻ അവസരം ലഭിച്ചിട്ടില്ല.
‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരം നിർമിച്ച വനിത വിശ്രമ കേന്ദ്രം സ്ത്രീകൾക്ക് ഗൃഹസമാനമായ അന്തരീക്ഷമാണ് ഒരുക്കിക്കൊടുക്കേണ്ടത്. വിശ്രമത്തിനു പുറമെ, ലഘു ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യത്തിനും കുഞ്ഞുങ്ങളെ മുലയൂട്ടാനും കൂടിയാണ് കേന്ദ്രം നിർമിച്ചത്. 18.88 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. അടിസ്ഥാന സൗകര്യം ഒരുങ്ങും മുമ്പേ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പെയിന്റിങ് നടത്തി കാഴ്ച വസ്തുവാക്കിയെന്നല്ലാതെ അകത്ത് സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല. ഇരിക്കാനുള്ള സൗകര്യം പോലുമില്ല. വൈദ്യുതി ബന്ധം ലഭിച്ചില്ല. നാപ്കിൻ വെൻഡിങ് മെഷീൻ ഇതോടൊപ്പം ഉണ്ടാകുമെന്ന് പദ്ധതിയിൽ പറഞ്ഞിട്ടുണ്ട്. കുടിവെള്ളത്തിനുള്ള സൗകര്യം പോലുമില്ല.

