കാടുപിടിച്ച് വനിത ഫിറ്റ്നസ് സെന്റർ; ആർക്കാണ് ഫിറ്റ്നസ് വേണ്ടത്?
text_fieldsഅടഞ്ഞുകിടക്കുന്ന വിദ്യാനഗറിലെ വനിത ഫിറ്റ്നസ് സെന്റർ
കാസർകോട്: വനിതാശാക്തീകരണത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽപെടുത്തി വിദ്യാനഗറിൽ നിർമിച്ച ഫിറ്റ്നസ് സെന്റർ ഇനിയും തുറന്നുനൽകിയില്ല. ഉപകരണങ്ങളടക്കം ഏകദേശം 11 ലക്ഷത്തോളം ചെലവഴിച്ച് 2020ൽ ചെങ്കള പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് നിർമിച്ച വനിത ഫിറ്റ്നസ് സെന്ററിനാണ് ഈ ഗതികേട്. ഫണ്ട് ചെലവഴിക്കുന്നതിലെ കണിശതയില്ലായ്മയും ആലോചിക്കാതെയുള്ള തീരുമാനവുംമൂലം ജനങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾ ഉപകാരപ്പെടാതെ പോകുന്നതിന്റെ നേർസാക്ഷ്യമാണ് വിദ്യാനഗറിലുള്ള വനിത ഫിറ്റ്നസ് സെന്റർ എന്നാണ് ആരോപണം ഉയരുന്നത്.
കാടുപിടിച്ചുകിടന്നതിനെ തുടർന്ന് മാസങ്ങൾക്കുമുമ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്ന കെട്ടിടമാണ് പഴയ അവസ്ഥയിൽതന്നെ ആർക്കും വേണ്ടാതെ അനാഥമായിക്കിടക്കുന്നത്. നിരവധിപേർ താമസിക്കുന്ന സ്വകാര്യ ഫ്ലാറ്റും കോളജ് വനിത ഹോസ്റ്റലിനും തൊട്ടടുത്താണ് ഈ കെട്ടിടം ഫിറ്റ്നസ് നഷ്ടപ്പെട്ട അവസ്ഥയിലുള്ളത്.
2020 സെപ്റ്റംബർ എട്ടിന് ജില്ല വ്യവസായകേന്ദ്രത്തിന് സമീപമുള്ള വനിത ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തത് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമാണ്. മുമ്പ് വാർത്തയായപ്പോൾ കാടുപിടിച്ച കെട്ടിടം വൃത്തിയാക്കി കുടുംബശ്രീയെ നടത്തിപ്പിന് ഏൽപിച്ചതായിരുന്നു. എന്നാൽ, നാളിതുവരെയായി വനിതകൾക്ക് ഉപയോഗിക്കാനായില്ല എന്നുമാത്രമല്ല, ഒരിക്കൽപോലും തുറന്നുകൊടുക്കാൻ പഞ്ചായത്തധികൃതർക്ക് കഴിഞ്ഞിട്ടുമില്ല.
കുറച്ചുമാറിയുള്ള കലക്ടറേറ്റ് വളപ്പിലുള്ള ഫിറ്റ്നസ് സെന്ററാണ് ആരോഗ്യസംരക്ഷകരായ വനിതകർ ഉപയോഗപ്പെടുത്തുന്നത്. വിദ്യാനഗറിലെ ഫിറ്റ്നസ് സെന്റർ തുറന്നാൽ കോളജ് ഹോസ്റ്റലിലെ വനിതകൾക്കും തൊട്ടടുത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ വനിതകൾക്കുമടക്കം ഉപകാരപ്പെടുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, മഴയൊക്കെയുണ്ടാവുമ്പോൾ സ്വാഭാവികമായും വൃത്തിയില്ലാത്ത അവസ്ഥയുണ്ടാകുമെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
പരിസരമാകെ ചപ്പുചവറുകൾ നിറഞ്ഞ് കാടുപിടിക്കുന്ന അവസ്ഥയിലാണിപ്പോഴുള്ളത്. ഇത് എത്രയും പെട്ടെന്ന് ശുചീകരിച്ച് വനിതകൾക്ക് തുറന്നുകൊടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

