നീലേശ്വരം-തെരു റോഡ് പ്രവൃത്തി ടാറിങ് എന്ന് നടത്തും?
text_fieldsനീലേശ്വരം: ടാറിങ് ചെയ്തില്ലെങ്കിലെന്താ റോഡിൽ വാഹനം പാർക്ക് ചെയ്യാമല്ലോ എന്ന അവസ്ഥയിലാണ് നീലേശ്വരം-തെരു റോഡ്. ടാറിങ് പ്രവൃത്തി അനന്തമായി നീളുന്ന നീലേശ്വരം തെരു റോഡ് ഇപ്പോൾ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറിയിരിക്കുകയാണ്. രാവിലെ മുതൽ വൈകീട്ടുവരെ റോഡിന് മുകളിൽ വാഹനങ്ങളുടെ നീണ്ടനിര കാണാം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവത്തുള്ള കുടുംബങ്ങൾക്ക് സ്വന്തം വാഹനം വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുന്നില്ല. രണ്ടാഴ്ചയായി തെരു റോഡ് നവീകരണത്തിന്റെ ഭാഗമായി ഇങ്ങനെ കരിങ്കൽ മെറ്റൽ നിരത്തിയിട്ടിട്ട്.
ഇതുമൂലം നടന്നുപോകാനോ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനോ സാധിക്കുന്നില്ല. ആളുകൾ എത്താത്തതിനാൽ റോഡരികിലുളള വ്യാപാരസ്ഥാപനങ്ങളിൽ രാവിലെ മുതൽ വൈകീട്ടുവരെ ഒരു കച്ചവടവും നടക്കുന്നില്ല. തെരു റോഡിലെ ദേശസാത്കൃത സ്ഥാപനങ്ങളായ എസ്.ബി.ഐ, ഐ.ഒ.ബി ബാങ്കുകളിൽ ദിവസവുമെത്തുന്ന നൂറുകണക്കിന് ഉപഭോക്താക്കളും ഈ ദുരിതമനുഭവിക്കുന്നു.
സമീപത്തെ വ്യാപാരഭവൻ ഹാളിൽ നടക്കുന്ന പരിപാടികൾക്ക് എത്തുന്നവർ കരിങ്കൽചീളുകൾക്ക് മുകളിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഇതുകൂടാതെ ഹൗസിങ് സൊസൈറ്റി, വനിത സൊസൈറ്റി, തളിയിൽ ക്ഷേത്രം, ജേസീസ് സ്കൂൾ, വില്ലേജ് ഓഫിസ്, ഹോമിയോ ആശുപത്രി, ജി.എൽ.പി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തളിയിൽ റോഡിന്റെ സ്ഥിതിയും ഇതുതന്നെയായിട്ടും ടാറിങ് വേഗത്തിൽ ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
രാജാറോഡിൽ ഗതാഗതം സ്തംഭിച്ചാൽ ബസ് സ്റ്റാൻഡിലേക്കും തിരിച്ച് ദേശീയപാതയിലേക്കും കടന്നുപോകാൻ ഈ തെരു റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നിട്ടും ബന്ധപ്പെട്ടവർ റോഡിൽ കരിങ്കൽചീളുകൾ നിരത്തിയല്ലാതെ ടാറിങ് നടത്താൻ തയാറാകുന്നില്ല. വാഹനങ്ങൾ മൂർച്ചയുള്ള കരിങ്കൽ പാളികൾക്ക് മുകളിലൂടെ പോകുന്നതുമൂലം വാഹനങ്ങളുടെ ടയർ കേടാകുന്ന സ്ഥിതിയുണ്ട്.
എം. രാജഗോപാലൻ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപയാണ് നഗരറോഡുകൾ ആധുനികവത്കരിക്കുന്നതിന് അനുവദിച്ചത്. എന്നാൽ, ഇപ്പോൾ തെരു റോഡ്, തളിയിൽ റോഡ്, വില്ലേജ് ഓഫിസ് റോഡ് നവീകരണ പ്രവൃത്തി ജനങ്ങൾക്ക് ദുരിതമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

