പന്നിക്കൂട്ടം നെൽകൃഷി നശിപ്പിക്കുന്നു
text_fieldsനീലേശ്വരം: കാട്ടുപന്നികൾ രാത്രി കൂട്ടമായെത്തി കാർഷികവിളകൾ നശിപ്പിക്കുന്നു. നീലേശ്വരം നഗരസഭയിൽ അങ്കക്കളരിയിലാണ് കാട്ടുപന്നികൾ വ്യാപകമായി വിളകൾ നശിപ്പിക്കുന്നത്.
അങ്കക്കളരി പാടശേഖരത്തിൽ വിളഞ്ഞുനിന്ന് കൊയ്യാറായ നെൽകൃഷിയാണ് പന്നികൾ ഉഴുതുമറിച്ചിട്ടത്. അങ്കക്കളരിയിലെ ടി.വി. ഗോവിന്ദൻ കാരണവരുടെ 25 സെന്റ് സ്ഥലത്തെ നെൽകൃഷിയാണ് ചൊവ്വാഴ്ച രാത്രിയിൽ പന്നിക്കൂട്ടം നശിപ്പിച്ചത്.
മഴകാരണം കൊയ്യാൻ പറ്റാത്ത അവസ്ഥയിൽ പന്നിക്കൂട്ടം നശിപ്പിച്ചതോടെ സങ്കടത്തിലായിരിക്കുകയാണ് കർഷകൻ. വർഷംതോറും പന്നിക്കൂട്ടങ്ങൾ അങ്കക്കളരി വയലിൽ നെൽകൃഷികൾ നശിപ്പിക്കുകയാണ്.
അധികൃതരുടെയോ നഗരസഭയുടേയോ ഭാഗത്തുനിന്ന് ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകർ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയാണ്. കൊയ്തു കഴിഞ്ഞാൽ മധുരക്കിഴങ്ങും പച്ചക്കറികൃഷിയും ചെയ്യാനുള്ള പാടമാണിത്. പക്ഷേ, പന്നിക്കൂട്ടം വ്യാപകമായി നശിക്കുന്നതുകൊണ്ട് വിവിധ കൃഷികൾ ഉപേക്ഷിച്ചിരിക്കുകയാണ് അങ്കക്കളരിയിലെ കർഷകർ.
"മിഷൻ വൈൽഡ് പിഗ്' യോഗം
കാഞ്ഞങ്ങാട്: കാട്ടുപന്നി സംഘർഷം ലഘൂകരിക്കുന്നതിനായി സർക്കാറിന്റെ കർമപദ്ധതികളായ 'മിഷൻ വൈൽഡ് പിഗ്' യോഗം വെസ്റ്റ് എളേരി പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് ഗിരിജ മോഹൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ മിഷൻ വൈൽഡ് പിഗിന്റെ കാര്യവിവരങ്ങൾ അവതരിപ്പിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്തിൽ ഗൺ ലൈസൻസ് അസോസിയേഷൻ മെംബർമാരെ ഉപയോഗിച്ച് കാട്ടുപന്നിശല്യം രൂക്ഷമായ കമ്മാടം, പാലക്കുന്ന്, ഓട്ടപ്പടവ്, മൗക്കോട്, ഏച്ചിപ്പൊയിൽ, കുറഞ്ചേരി, മൗവേനി കോട്ടമല, കാവുന്തല, കാക്കടവ്, ചെമ്മരംകയം, ബഡൂർ, കാലിക്കടവ്, ഭീമനടി, കൂവപ്പാറ, ചാമക്കുളം, ചട്ടമല, കാറ്റാംകവല, ചീർക്കയം കൊളത്തുകാട്, മുടന്തേൻപാറ, പുന്നക്കുന്ന്, പുങ്ങംചാൽ, വിലങ്ങ്, എളേരിത്തട്ട്, വരക്കാട്, പ്ലാച്ചിക്കര, പരപ്പച്ചാൽ എന്നീ ഭാഗങ്ങളിൽ മിഷൻ വൈൽഡ് പിഗ് നടപ്പാക്കാനും തീരുമാനിച്ചു.
പി.സി. ഇസ്മായിൽ, സന്തോഷ് കുമാർ, രാജീവൻ, ഗിരീഷ്, പഞ്ചായത്ത് മെംബർമാർ, ഭീമനടി സെക്ഷൻ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

