തെങ്ങുകയറ്റ തൊഴിലാളിയെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു; കൈവിരൽ കടിച്ചെടുത്തു
text_fieldsകാഞ്ഞങ്ങാട്: ജോലിക്കായി പുറപ്പെട്ട തെങ്ങുകയറ്റ തൊഴിലാളിയെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു. കോടോത്ത് തടിയംവളപ്പിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തടിയംവളപ്പിലെ ടി. മോഹന(50)നെ സാരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കൈവിരൽ അറ്റുപോയിട്ടുണ്ട്. വിരൽ കടിച്ചെടുക്കുകയായിരുന്നു. തടിയംവളപ്പ് തോടിന്റെ മറുഭാഗത്തേക്ക് പോകുമ്പോഴാണ് ആക്രമണം.
തോടിനക്കരെ നിന്നാണ് പന്നിക്കൂട്ടമെത്തിയത്. മോഹനന് ദേഹമാസകലം പരിക്കുമുണ്ട്. ജില്ല ആശുപത്രിയിലെത്തിച്ച മോഹനന്റെ നില ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിരൽ അറ്റുപോയതിനാൽ ഡോക്ടർമാർ പ്ലാസ്റ്റിക് സർജറിക്ക് നിർദേശിച്ചിട്ടുണ്ട്. ഫാദർ മുള്ളർ ആശുപത്രി അത്യാഹിത വിഭാഗത്തിലാണിപ്പോൾ മോഹനൻ.

