വീട്ടമ്മ കണ്ണുതുറന്നപ്പോൾ കള്ളൻ; അടുക്കളവാതിൽ പൊളിച്ചനിലയിൽ
text_fieldsകാഞ്ഞങ്ങാട്: ശബ്ദം കേട്ട് കണ്ണുതുറന്ന വീട്ടമ്മ കണ്ടത് വീട്ടിലെ മുറിക്കുള്ളിൽ കള്ളനെ. പുറത്തുനിന്ന് പട്ടി കുരച്ചതോടെ കവർച്ചക്കാരൻ സ്ഥലം വിട്ടു. കൺമുന്നിൽ കള്ളനെ കണ്ട വീട്ടമ്മയുടെ ഞെട്ടലിനിയും മാറിയിട്ടില്ല. ചെമ്മനാട് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (63) നൽകിയ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കമലാക്ഷി തനിച്ചാണ് താമസം. പുലർച്ച ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ തലയിൽ ടോർച്ച് കെട്ടി മുന്നിൽനിൽക്കുന്ന കള്ളനെയാണ് കണ്ടത്. മുഖത്തേക്ക് ടോർച്ചടിച്ചതിനാൽ കള്ളന്റ മുഖം വ്യക്തമായി കാണാനുമായില്ല. സ്വർണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും കിടപ്പുമുറിയിൽ തിരയുകയും ചെയ്തു.
ഇതിനിടയിലാണ് അയൽവാസിയുടെ പട്ടി നിർത്താതെ കുരച്ചത്. പട്ടി കുരക്കുന്നതുകേട്ട് അയൽവാസികൾ പുറത്തെ ലൈറ്റിട്ടു. ഇതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. തുടർന്നാണ് അടുക്കളവാതിൽ ചവിട്ടിപ്പൊളിച്ചതായി കണ്ടത്. വീട്ടിലെ ബൾബുകൾ അഴിച്ചുവെച്ചിരുന്നു.
പൊലീസ് നായും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുന്നു. നിരവധി പേരെ ചോദ്യംചെയ്തു. മാസങ്ങൾക്കുമുമ്പ് വീട്ടമ്മയുടെ മുഖത്ത് തുണിയിട്ട് കവർച്ച നടത്തിയ സംഘംതന്നെയാണ് ഇതിന് പിന്നിലുമെന്ന് സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

