ജനകീയപ്രശ്നങ്ങൾ സർക്കാർ കേൾക്കുന്നില്ല –ഹമീദ് വാണിയമ്പലം
text_fieldsവെൽഫെയർ പാർട്ടി ജില്ല നേതൃസംഗമം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: ജനകീയപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം കോർപറേറ്റ് പക്ഷംചേർന്ന് പ്രവർത്തിക്കുകയാണ് പിണറായി സർക്കാറെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി ജില്ല നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരികുവത്കരിക്കപ്പെട്ട ആദിവാസി– പിന്നാക്ക, ദലിത് പ്രശ്നങ്ങളിൽ ഇടപെടുന്നതിന് പകരം കോർപറേറ്റ് കമ്പനികൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോൾ തികച്ചും ജനാധിപത്യവിരുദ്ധമായ പ്രതികരണമാണ് ഉത്തരവാദപ്പെട്ട മന്ത്രിമാർപോലും നടത്തുന്നത്.
ജില്ല പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗങ്ങളായ നാസർ ചെറുവാടി, സി.എച്ച്. മുത്തലിബ്, ജില്ല നേതാക്കമാരായ അമ്പുഞ്ഞി തലക്കളായ്, സി.എച്ച്. ബാലകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗങ്ങളായ മഹമൂദ് പള്ളിപ്പുഴ, കെ. രാമകൃഷ്ണൻ, പി.കെ. അബ്ദുല്ല, ഫൗസിയ സിദ്ദീഖ്, ടി.കെ. അഷ്റഫ്, അബ്ദുല്ലത്തീഫ് കുമ്പള, ഷഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും സാഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.

