അടിപ്പാത വേണം, ജനങ്ങൾ സമരത്തിൽ
text_fieldsനുള്ളിപ്പാടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവർത്തകർ
കാസർകോട്: നുള്ളിപ്പാടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കുക ആവശ്യമുന്നയിച്ച് സമരസമിതി നടത്തുന്ന പ്രക്ഷോഭം മൂന്നാം ഘട്ടത്തിലേക്ക്. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് നുള്ളിപ്പാടി നിവാസികൾ നേരിടുന്നത്. നാടിനെ രണ്ടായി മുറിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാണ് പ്രവൃത്തി തുടരുന്നത്.
ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും തീരുമാനമാകാതെ വന്നപ്പോഴാണ് ദേശീയപാതയുടെ നിർമാണം നിർത്തിവെപ്പിച്ച് സമരസമിതി വീണ്ടും സമരവുമായി വന്നിട്ടുള്ളത്. കാസർകോട് നഗരത്തിലേക്ക് കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര ചെയ്യേണ്ടിവരുന്നത്. പലവട്ടം കലക്ടറുടെ മുന്നിൽ ചർച്ച നടത്തിയിട്ടും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. ജനങ്ങളുടെ ആവശ്യത്തിനെതിരെ മുഖം തിരിച്ചുനിന്നാൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. പി. രമേശ്, അനിൽ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ് കോട്ടക്കണ്ണി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ ധർണ
കാഞ്ഞങ്ങാട്: മാവുങ്കാലിലേക്ക് പ്രവേശിക്കുന്ന ജങ്ഷനിൽ അടിപ്പാത നിർമിക്കുക, മാവുങ്കാൽ ജങ്ഷൻ മുതൽ ഫ്ലൈ ഓഫർ വരെയുള്ള ഭാഗത്ത് ഒമ്പതു മീറ്റർ വീതിയിൽ ഡബിൾ ലൈൻ സർവിസ് റോഡ് നിർമിക്കുക, മഴക്കാലത്ത് കുന്നിൻ മുകളിൽനിന്ന് വിവിധ ഭാഗങ്ങളിലൂടെ വെള്ളം മാവുങ്കാൽ ടൗണിൽ ഒഴുകിയെത്തി വെള്ളം കയറുന്നത് ഒഴിവാക്കാൻ ഓവുചാൽ പണി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നാഷനൽ ഹൈവേ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവുങ്കാലിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സമരം ആക്ഷൻ കമ്മിറ്റി ജന. കൺവീനർ എ. വേലായുധൻ ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി ചെയർമാൻ സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.വി. ബാബു, പി. പത്മനാഭൻ, മഞ്ഞംപൊതി വീരമാരുതി ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രൻ മാവുങ്കാൽ, ആനന്ദാശ്രമം ലയൺസ് ക്ലബ് പ്രസിഡന്റ് ജയരാജ് നമ്പ്യാർ, മാവുങ്കാൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ആർ. ലോഹിതാക്ഷൻ, എൻ. അശോക് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എം.വി. മധു, ശ്രീദേവി എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ എം. പ്രദീപ് കുമാർ മാവുങ്കാൽ സ്വാഗതവും വൈശാഖ് മാവുങ്കാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

