കൊപ്പളം പുഴയോരത്ത് മാലിന്യം തള്ളുന്നു; രോഗവ്യാപന ഭീതിയിൽ നാട്
text_fieldsകൊപ്പളം പുഴയോരത്തെ മാലിന്യക്കൂമ്പാരം
മൊഗ്രാൽ: പുഴയിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ല. മഴക്കാലത്തിന്റെ വരവോടെ രോഗവ്യാപന ഭീതിയിലായിരിക്കുകയാണ് മൊഗ്രാൽ കൊപ്പളം പുഴയോരവാസികൾ. കുമ്പള ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ സ്ഥിതിചെയ്യുന്ന മൊഗ്രാൽ കൊപ്പളം പുഴയോരവാസികൾക്കാണ് ദുരിതം. ഇവിടെ പുഴയോരത്ത് വ്യാപകമായി മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക് കെട്ടുകളിലാക്കിയാണ് പുഴയിലെ കുറ്റിക്കാട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത്. രാത്രിയുടെ മറവിലാണ് ഇത് ചെയ്യുന്നതെന്ന് കൊപ്പളം ഫ്രണ്ട്സ് ക്ലബ് ഭാരവാഹികൾ പറയുന്നു.
പഞ്ചായത്ത് അധികൃതർക്കും മറ്റും നിരവധിതവണ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. മാലിന്യനിക്ഷേപം തടയേണ്ട എൻഫോഴ്സ്‌മെന്റ് സംവിധാനങ്ങളടക്കം കൊപ്പളം പുഴയോരത്തേക്ക് എത്തുന്നില്ലെന്ന് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ സന്ദർശനം മാത്രമാണ് നടത്തുന്നതെന്നും കൊപ്പളം കെ.എഫ്.സി ക്ലബ് ഭാരവാഹികൾക്ക് കുറ്റപ്പെടുത്തുന്നു.
പുഴയോരത്ത് താമസിക്കുന്നവർക്ക് നേരത്തേതന്നെ ത്വക് രോഗവും മറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. കല്യാണ ആഘോഷാവശിഷ്ടങ്ങളും പ്ലേറ്റുകളും കുട്ടികളുടെ പമ്പേഴ്സ്, വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പുഴയിൽ അഴുകി ദുർഗന്ധം വമിക്കുന്നതിനൊപ്പം പകർച്ചവ്യാധികളുടെ ഭീഷണിയും ഉയർത്തുന്നുണ്ട്. പുഴയുടെ അക്കരെയുള്ള മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ പരിധിയിൽ മണിക്കൂറുകളോളം ഈ മലിനജലത്തിൽ ഇറങ്ങി ജോലി ചെയ്യുന്നവർക്കും സോറിയാസിസ്, എക്സിമ തുടങ്ങിയ ത്വക് രോഗങ്ങൾ പിടിപെടുകയാണ്. നാട്ടുകാരുടെയും തൊഴിലാളികളുടെയും ആരോഗ്യസുരക്ഷക്ക് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടലുണ്ടാകണം, മാലിന്യം നീക്കംചെയ്യാനും നടപടി സ്വീകരിക്കണം. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഇവിടെ സി.സി.ടി.വി കാമറകൾ സ്ഥാപിക്കമെന്നും കൊപ്പളം ഫ്രണ്ട്സ് ക്ലബ് ആവശ്യപ്പെട്ടു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

