കാത്തിരിപ്പു കേന്ദ്രത്തിനും കാത്തിരിപ്പ്!
text_fieldsഗോളിയടിയിൽ പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പു കേന്ദ്രം
കുമ്പഡാജെ: കാത്തിരിപ്പു കേന്ദ്രത്തിനുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു. കുമ്പഡാജെ പഞ്ചായത്തിലെ ഗോസാഡ റോഡ് എ.പി സർക്കിൾ ഗോളിയടിയിലാണ് കാലപ്പഴക്കം ചെന്ന കാത്തിരിപ്പു കേന്ദ്രമുള്ളത്.
ഇതിന്റെ കോൺക്രീറ്റുകൾ ഇളകി നിലം പൊത്താൻ തുടങ്ങിയതോടെ അതിൽ ഇരിക്കരുതെന്ന് പഞ്ചായത്ത് നോട്ടീസ് സ്ഥാപിക്കുകയും കയർകൊണ്ട് ഷെഡ് അടച്ചിടുകയും ചെയ്തിട്ട് രണ്ടുവർഷം കഴിഞ്ഞു. എന്നാൽ, ബദൽ സംവിധാനം ഒരുക്കാനോ അപകടാവസ്ഥയിലുള്ള കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കാനോ അധികൃതർ തയാറായിട്ടില്ല. അപകടങ്ങൾക്ക് ജാഗ്രത കാട്ടേണ്ട പഞ്ചായത്തധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഏതെങ്കിലും സാഹചര്യത്തിൽ അപകടം സംഭവിച്ചു കഴിഞ്ഞിട്ട് വിലപിച്ചിട്ട് കാര്യമില്ലെന്നും നാട്ടുകാർ പറയുന്നു.
ഒമ്പതും പത്തും വാർഡ് അതിർത്തിയിലാണ് കാത്തിരിപ്പു കേന്ദ്രമുള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ നിർമാണം ആര് ചെയ്യുമെന്ന തർക്കമുണ്ടെന്നാണ് ജനങ്ങളുടെ ആരോപണം. വരുമാനം കുറഞ്ഞ പഞ്ചായത്താണെങ്കിലും വികസന കാര്യത്തിൽ വാർത്തയിൽ ഇടംപിടിക്കുന്ന കുമ്പഡാജെ പഞ്ചായത്തിൽ ഇത്തരത്തിലുള്ള അവഗണന എങ്ങനെ ഉണ്ടായെന്നാണ് പ്രദേശവാസികളടക്കം ചോദിക്കുന്നത്.
ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കണമെങ്കിൽ സർക്കാറിന്റെ എൽ.എസ്.ജി വകുപ്പിന്റെ അനുവാദം ലഭിക്കണം. ഇതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനം കൈക്കൊണ്ട് സർക്കാറിലേക്ക് അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ പറഞ്ഞത്.
പഞ്ചായത്തിന് തനത് ഫണ്ട് കുറവാണെന്നും ഇതാണ് അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സം നിൽക്കുന്നതെന്നും സർക്കാറിന്റെ അനുമതി കിട്ടിയാൽ ഉടൻ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

