തൃക്കരിപ്പൂരിൽ ഇടതു കോട്ടകളിൽ വോട്ടുചോർച്ച
text_fieldsതൃക്കരിപ്പൂർ: ഇടതു കേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ചയാണ് തൃക്കരിപ്പൂർ മണ്ഡലത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നിൽ. സംസ്ഥാനത്തുടനീളം ആഞ്ഞുവീശിയ യു.ഡി.എഫ് ട്രെൻഡും എസ്.ഐ.ആറിനെ തുടർന്ന് മുസ്‌ലിംലീഗ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുമാണ് തൃക്കരിപ്പൂരിലെ അട്ടിമറിജയത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നീലേശ്വരം നഗരസഭയിൽ യു.ഡി.എഫ് നേടിയത് 1107 വോട്ടിന്റെ ഭൂരിപക്ഷമാണ്. എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലിരിക്കുമ്പോഴാണ് നീലേശ്വരത്ത് യു.ഡി.എഫ് നേട്ടമുണ്ടാക്കിയത്. നഗരസഭയിൽ എൻ.ഡി.എ നേടിയത് 2086 വോട്ടാണ്. അവർക്ക് ഇതിലേറെ അംഗബലമുള്ള മേഖലയിൽ പരമ്പരാഗത വോട്ടുകൾ മറിഞ്ഞത് സംശയമായി അവശേഷിക്കുന്നു.
ഇടതു മുന്നണിക്ക് പതിനായിരത്തിലേറെ ഭൂരിപക്ഷം സമ്മാനിക്കുന്ന കയ്യൂർ ചീമേനിയിൽ വി.പി.പി. മുസ്തഫയുടെ ഭൂരിപക്ഷം നേർപകുതിയായി കുറഞ്ഞത് പാർട്ടി വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കി. ഇടതുകോട്ടയായ ഇവിടെ ഒമ്പത് ബൂത്തുകളിൽ സന്ദീപ് വാര്യർ മുന്നേറ്റമുണ്ടാക്കി. പെരുമ്പട്ടപോലെ യു.ഡി.എഫ് പ്രവർത്തകരുള്ള ബൂത്തിൽ മുഴുവൻ വോട്ടുകളും ചെയ്യിച്ചാണ് ഈ നേട്ടമുണ്ടാക്കിയത്.ഇടത് ഭരണസമിതിയുള്ള ചെറുവത്തൂരിൽ 6736 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് നേടി. 18 അംഗ ഭരണസമിതിയിൽ പ്രതിപക്ഷംപോലുമില്ലാത്ത പിലിക്കോട് പഞ്ചായത്തിൽ മുസ്തഫക്ക് കേവലം 312 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എൽ.ഡി.എഫ് കോട്ട ഭേദിക്കുന്നതിൽ ഇത് നിർണായക പങ്കുവഹിച്ചു. പടന്നയിൽ മെച്ചപ്പെട്ട പ്രകടനമാണ് മുസ്തഫ കാഴ്ചവെച്ചത്. ഇവിടെ 6836 വോട്ടിന്റെ ഭൂരിപക്ഷം നേടി.
യു.ഡി.എഫ് കേന്ദ്രമായ തൃക്കരിപ്പൂരിലും പ്രതീക്ഷിച്ച വോട്ടുകൾ എൽ.ഡി.എഫ് പെട്ടിയിലാക്കി. വലിയപറമ്പിലും ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം (530 വോട്ട്) ലഭിച്ചു. ഇടതിന് സ്വാധീനമുള്ള വെസ്റ്റ് എളേരി പഞ്ചായത്തിൽ സന്ദീപ് വാര്യർ നേടിയത് 3269 വോട്ടിന്റെ ഭൂരിപക്ഷമാണ്. കോൺഗ്രസ് ഭരിക്കുന്ന ഈസ്റ്റ് എളേരിയും (3832) സന്ദീപിന് ഭൂരിപക്ഷം നൽകി.വരും ദിവസങ്ങളിൽ പാർട്ടി കേന്ദ്രങ്ങളിലെ വോട്ടുചോർച്ച വലിയ ചർച്ചകൾക്ക് വഴിവെക്കും. മണ്ഡലത്തിൽ എൻ.ഡി.എ കാര്യമായ സ്വാധീനമുണ്ടാക്കിയില്ല. 7681 വോട്ടുകളാണ് അവർ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

