ബദിയടുക്ക വിസ തട്ടിപ്പ്: പിടികിട്ടാപ്പുള്ളി പിടിയില്‍
text_fieldsകാസർകോട്: ബദിയടുക്കയിലെ വിസ തട്ടിപ്പുകേസിലെ പ്രതി കര്‍ണാടക കടബയില്‍ അറസ്റ്റിൽ. കടബ സ്വദേശി അബ്ദുൽ കരീമാണ് (49) പിടിയിലായത്. നെല്ലിക്കട്ടയിലെ സതീഷ് സോജയില്‍നിന്ന് വിസ വാഗ്ദാനം ചെയ്ത് 80,000 രൂപ വാങ്ങി വിസ നല്‍കാതെ വഞ്ചിച്ചുവെന്ന കേസില്‍ പ്രതിയാണ് അബ്ദുൽ കരീം. കടബ സ്വദേശിനിയായ യുവതിയെ ആദ്യം വിവാഹം ചെയ്ത അബ്ദുൽ കരീം 2007ല്‍ നെല്ലിക്കട്ടയിലെത്തി മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു.
ഈ സമയത്താണ് വിസ വാഗ്ദാനം ചെയ്ത് സതീഷില്‍നിന്ന് പണം വാങ്ങിയത്. വിസ കിട്ടാതിരുന്നതിനെത്തുടര്‍ന്ന് സതീഷ് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. സതീഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് കേസെടുത്തു. എന്നാല്‍, അബ്ദുൽ കരീം ഒളിവില്‍ പോയി. 2020ൽ കരീമിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കരീം 10 വര്‍ഷമായി ഗള്‍ഫിലായിരുന്നു.
ശേഷം കടബയില്‍ ഓട്ടോറിക്ഷ ഓടിച്ചുവരുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക സി.ഐ അക്ഷിത് എസ്. കരണ്‍മയിലിന്റെ നിര്‍ദേശപ്രകാരം എ.എസ്.ഐ മാധവന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നിരഞ്ജന്‍, വിജിത് ലാല്‍ എന്നിവര്‍ കടബയില്‍നിന്ന് ഇന്നലെ രാത്രിയാണ് കരീമിനെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

