വൈറല്‍ പനിയിൽ നാട്; ചികിത്സ തേടി ജനം
text_fieldsകാഞ്ഞങ്ങാട്: ജില്ലയില്‍ വൈറല്‍പനിയും മറ്റ് രോഗങ്ങളും പടര്‍ന്നുപിടിക്കുന്നു. സർക്കാർ ആശുപത്രികളിലടക്കം നൂറുകണക്കിനാളുകൾ നിത്യവും ചികിത്സ തേടിയെത്തുകയാണ്. രോഗം പടർന്ന് പിടിച്ചപ്പോൾ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളുന്നതായാണ് ആക്ഷേപം.
സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ വൈറല്‍ പനി ബാധിച്ച് ദിവസവും നൂറുകണക്കിനു പേർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നു. ജില്ലയിലെ താലൂക്ക്, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് പനിബാധിതരെ ദുരിതത്തിലാക്കുന്നു. മരുന്ന് ക്ഷാമവും രോഗികളെ വലക്കുന്നു. ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവുള്ളതിനാല്‍ ഡോക്ടറുടെ പരിശോധന മുറിക്ക് മുന്നില്‍ നീണ്ട നിര പതിവ് കാഴ്ചയായി. മണിക്കൂറുകളോളം ഡോക്ടറെ കാത്ത് തളര്‍ന്നുവീഴുന്ന രോഗികളുടെ എണ്ണവും കുറവല്ല.
വൈറല്‍പനിക്ക് പുറമെ ഡെങ്കിപ്പനിയും മലമ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലക്ഷത്തിലേറെ പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ചികിത്സ തേടിയെത്തിയതെന്നാണ് റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളിലും ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ചികിത്സയില്‍ കഴിയുന്നവരുമുണ്ട്.
ഈ വര്‍ഷം 28 പേര്‍ക്കാണ് മലമ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ മാസം മാത്രം അഞ്ചുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 167 പേര്‍ക്ക് ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചു. 512 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. 37 പേര്‍ക്ക് ഈ വര്‍ഷം എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത് 14 പേരാണ്. മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. ഈ വര്‍ഷം ഒട്ടേറെ പേർ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ചികിത്സ തേടിയത് 60 പേരാണ്. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏറെയാണെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ജില്ല പനിക്കിടക്കയിലായിട്ടു കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനും ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യമായ നടപടികള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി. ആഴ്ചകളോളം പനിച്ച് കിടന്നാലും രോഗം വിട്ടു മാറാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

