വിദ്യാവാഹിനി; ഉന്നതികളില്‍നിന്ന് വിദ്യതേടി 3129 കുട്ടികൾ
text_fieldsകുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്ക സ്കൂളില്‍ വിദ്യാർഥികളെ എത്തിക്കുന്ന വിദ്യാവാഹിനി
കാസർകോട്: ‘നമ്മളെ കാലത്തും ഇത്തരം സംവിധാനങ്ങള്‍ ഇണ്ടായിനെങ്കില് കൂടുതൽ കുട്ടികൾ സ്കൂളില്‍ പോയേനെ... മഴക്കും കാറ്റിനും എന്റെ കുട്ടിയടക്കം എല്ലാരും സുരക്ഷിതരായി സ്കൂളില്‍ എത്തുമല്ലോ... മക്കള്‍ വരാന്‍ വൈകുന്നതോര്‍ത്ത് ആശങ്കപ്പെടണ്ടല്ലോ’. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയായ വിദ്യാവാഹിനിയുടെ ഗുണഭോക്താവായ കുട്ടിയുടെ രക്ഷിതാവ് ചാമകൊച്ചി സ്വദേശി സി.എച്ച്. ശങ്കറിന്റെ വാക്കുകളാണിത്.
ദേലമ്പാടി പഞ്ചായത്തിന് കീഴില്‍ വരുന്ന ചാമകൊച്ചി പ്രദേശത്തെ പട്ടികവര്‍ഗ ഉന്നതിയില്‍നിന്ന് നാല്പതോളം കുട്ടികളാണ് നാലര കിലോമീറ്ററുകളോളം താണ്ടി കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്ക സ്കൂളില്‍ എത്തുന്നത്. കാസര്‍കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിന് കീഴില്‍ വിദ്യാവാഹിനി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന സ്കൂളാണ് ബന്തടുക്ക സ്കൂള്‍. മലയോരഗ്രാമമായ ബന്തടുക്കയിലെ പതിനാറോളം പ്രദേശങ്ങളില്‍നിന്നായി വിദ്യാവാഹിനിയുടെ ഭാഗമായ 19 വാഹനങ്ങളിൽ 244 കുട്ടികളാണ് സ്കൂളിലെത്തുന്നത്.
ഈ പദ്ധതിയിലൂടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും ക്ലാസില്‍ വരാനുള്ള മടിയും കുറഞ്ഞതായി ബന്തടുക്ക സ്കൂള്‍ പ്രധാന അധ്യാപകന് രാഘവ പറയുന്നു. ഏകദേശം എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് കുട്ടികള്‍ സ്കൂളില്‍ ദിവസവും വരാറുണ്ടെന്നും വാഹനങ്ങളില്‍ കുട്ടികള്‍ ഒരുമിച്ച് വരുന്നതുകൊണ്ട് അവരുടെ മാനസികോല്ലാസവും സ്കൂളില്‍ വരാനുള്ള താല്പര്യവും വര്‍ധിച്ചിട്ടുണ്ടെന്നും രാഘവ പറയുന്നു. പദ്ധതിയുടെ നടത്തിപ്പിനായി നല്ല സഹകരണമാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കൂടിയായ ഡ്രൈവര്‍ ചെനിയ നായ്ക്ക് പറയുന്നു.
2013-14 വര്‍ഷത്തില്‍ പട്ടികവര്‍ഗ വികസനവകുപ്പ് ഗോത്രസാരഥി എന്നപേരില്‍ ആരംഭിച്ച പദ്ധതിയാണ് പിന്നീട് വിദ്യാവാഹിനി എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടത്. പൊതുഗതാഗത സംവിധാനമില്ലാത്ത ദുര്‍ഘടമായ വനപ്രദേശങ്ങളില്‍നിന്ന് വരുന്ന ഒന്നു മുതല്‍ 10വരെ ക്ലാസിലുള്ള കുട്ടികള്‍ക്കാണ് വിദ്യാവാഹിനിയുടെ പ്രയോജനം ലഭിക്കുക.
കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസിന് കീഴില്‍ 36 സ്കൂളുകളിലായി 1179 വിദ്യാർഥികളും പരപ്പ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസിന് കീഴില്‍ 31 സ്കൂളുകളിലായി 1950 കുട്ടികളുമായി ആകെ 3129 വിദ്യാർഥികളാണ് ജില്ലയില്‍ വിദ്യാവാഹിനിയുടെ ഗുണഭോക്താക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

