പഞ്ചനക്ഷത്ര പദവിയില്‍ വെള്ളച്ചാല്‍ എം.ആര്‍.എസ്
text_fieldsവെള്ളച്ചാലിലെ എം.ആര്‍.എസ് കാമ്പസ്
കാസർകോട്: ഗുണമേന്മയുള്ള ഭക്ഷണം, ആരോഗ്യകരമായ അന്തരീക്ഷം. ഇവയൊക്കെയായപ്പോള്‍ ഫൈവ്സ്റ്റാറായി പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാതൃക സഹവാസ വിദ്യാലയം. 'ഈറ്റ് റൈറ്റ് കാമ്പസ്' പഞ്ചനക്ഷത്ര പദവിയാണ് കാസര്‍കോട് വെള്ളച്ചാലിലെ ആണ്‍കുട്ടികളുടെ മാതൃക സഹവാസ വിദ്യാലയത്തിന് ലഭിച്ചത്.
ഇതോടെ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ ഹോസ്റ്റലായി വെള്ളച്ചാല്‍ എം.ആര്‍.എസ്. ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ ഉൾപ്പടെ ഗുണമേന്മ പരിശോധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് നക്ഷത്ര പദവി നല്‍കിയത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര സർവകലാശാലക്ക് ഈ പദവി ലഭിച്ചിരുന്നു.
സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഈറ്റ് റൈറ്റ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് സർവകലാശാലകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവക്കായി ഈറ്റ് റൈറ്റ് കാമ്പസ് പരിപാടി ആരംഭിച്ചത്.
എം.ആര്‍.എസ് കാമ്പസിലെ അടുക്കള എഫ്.എസ്.എസ്.ഐക്കു കീഴില്‍ രിജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ ജീവനക്കാരും പരിശീലനം പൂര്‍ത്തിയാക്കുകയും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ജീവനക്കാര്‍ സ്ഥാപനം സന്ദര്‍ശിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി.
പാചകത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളും തയാര്‍ ചെയ്ത ഭക്ഷണവും പരിശോധനക്ക് വിധേയമാക്കി. എഫ്.എസ്.എസ്.ഐയുടെ എം-പാനല്‍ ചെയ്ത തേര്‍ഡ് പാര്‍ട്ടി ഓഡിറ്റും പൂര്‍ത്തിയാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മൂന്നോ അതിലധികമോ നക്ഷത്രങ്ങള്‍ നേടിയ സ്ഥാപനങ്ങളെയാണ് ഈറ്റ് റൈറ്റ് കാമ്പസായി സാക്ഷ്യപ്പെടുത്തുന്നത്.
എം.ആര്‍.എസ്. വെള്ളച്ചാലിന് ഇതില്‍ ഫൈവ് സ്റ്റാറോടെ ഏറെ മികവ് പുലര്‍ത്താന്‍ സാധിച്ചു. രണ്ട് വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കേഷന്‍ സാധുത. പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാല്‍ എം.ആര്‍.എസിന് ദേശീയാംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വകുപ്പിനു കീഴിലെ എല്ലാ ഹോസ്റ്റലുകളിലെയും വിദ്യാർഥികള്‍ക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ജില്ല പട്ടികജാതി വികസന ഓഫിസർ എസ്. മീനാറാണി പറഞ്ഞു.
കൊടക്കാട് വില്ലേജില്‍ 8.18 ഏക്കര്‍ വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ എം.ആര്‍.എസ് കാമ്പസില്‍ നിലവില്‍ 182 കുട്ടികള്‍ പഠിക്കുന്നു. ഭക്ഷണ താമസ പഠന സൗകര്യങ്ങളെല്ലാം സൗജന്യമാണ്. സംഗീതം, അഭിനയം, ചിത്രരചന, പ്രസംഗം, എഴുത്ത് തുടങ്ങിയ കലാസാഹിത്യ മേഖലയിലും കായികരംഗത്തും മികച്ച പരിശീലനമാണ് നല്‍കുന്നത്.
1993ല്‍ സ്ഥാപിതമായ വെള്ളച്ചാല്‍ എം.ആര്‍.എസില്‍ നിന്നും കഴിഞ്ഞ 15 എസ്.എസ്.എല്‍.സി ബാച്ചുകള്‍ മികച്ച ഗ്രേഡിങ്ങോടെ നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

