കാസർകോട് മെഡിക്കൽ കോളജ്; പ്രവേശനത്തിന് അടിയന്തര നടപടി -മന്ത്രി
text_fieldsമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: വയനാട്, കാസർകോട് മെഡിക്കല്‍ കോളജുകള്‍ക്ക് നാഷനല്‍ മെഡിക്കല്‍ കമീഷന് അനുമതി നല്കിയ സാഹചര്യത്തില്‍ വിദ്യാർഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി. മെഡിക്കല്‍ കോളജിന് അനുമതി ലഭിച്ചത് രണ്ട് ജില്ലകളെയും സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രണ്ട് മെഡിക്കല്‍ കോളജുകളും സന്ദര്‍ശിച്ച് വിദ്യാർഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണം. സമയബന്ധിതമായി എം.ബി.ബി.എസ് അഡ്മിഷന് നടത്താനും മന്ത്രി നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങളിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും നേരത്തെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളില്‍ പി.എസ്.സി നിയമനം ഉറപ്പാക്കും. രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും അധികമായി ആവശ്യമുള്ള തസ്തികകള്‍ സംബന്ധിച്ച് നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. ഓണത്തിന്റെ തിരക്കാണെങ്കിലും അഡ്മിഷന് തീയതി അടുത്ത സാഹചര്യത്തില്‍ സമയബന്ധിതമായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി.
രണ്ട് മെഡിക്കല്‍ കോളജുകളുടെയും സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. വയനാട് മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ ഭൂമിയില്‍ അനുമതി കിട്ടിയാലുടന്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചത് കിഫ്ബി വഴി അക്കാദമിക്, അഡ്മിനിസ്ട്രേഷന്, ഹോസ്റ്റല്‍ ബ്ലോക്കുകള്‍ നിർമിക്കാനുള്ള നടപടി സ്വീകരിക്കും. കാസർകോട് മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനം കിഫ്ബിയിലൂടെയും കാസർകോട് ഡെവലപ്മെന്റ് പാക്കേജിലൂടെയും സാധ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

