ചെണ്ടുമല്ലിക്കാലത്തിനായി ഒരുങ്ങി വലിയപറമ്പ്
text_fieldsവലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ‘നാടാകെ പൂക്കളം’ പദ്ധതിയുടെ ഉദ്ഘാടനം
ചെണ്ടുമല്ലിത്തൈകള്‍ നല്കി വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന് നിർവഹിക്കുന്നു
വലിയപറമ്പ്: ഓണക്കാലത്ത് മുറ്റത്തൊരുക്കുന്ന വര്ണപ്പൂക്കളത്തില് ഒഴിച്ചുകൂടാനാവാത്തതാണ് ചെണ്ടുമല്ലി. മറുനാട്ടില്‍നിന്ന് വിപണിയിലെത്തുന്ന ചെണ്ടുമല്ലിക്ക് വിലയും കൂടും. വലിയപറമ്പ പഞ്ചായത്തിലുള്ളവര്‍ക്ക് ഇത്തവണത്തെ ഓണത്തിന് ചെണ്ടുമല്ലി പൂക്കള്‍ സ്വന്തം വീട്ടുമുറ്റത്തുനിന്നുതന്നെ പറിക്കും. ഓണത്തിന് പൂക്കളമൊരുക്കാന് ഓരോവീട്ടിലും ‘നാടാകെ പൂക്കളം’ പദ്ധതിയിലൂടെ ചെണ്ടുമല്ലിക്കൃഷി ഒരുക്കുകയാണ് വലിയപറമ്പ പഞ്ചായത്ത്.
എല്ലാ വാര്‍ഡുകളിലുമായി 2860 വീടുകളില്‍ ചെണ്ടുമല്ലിത്തൈകള്‍ എത്തിക്കഴിഞ്ഞു. ഇനി വേണ്ടത് ഓണക്കാലംവരെ മികച്ച പരിചരണം. പരിപാലന രീതികള്‍ പറഞ്ഞുകൊടുത്ത് പിന്തുണയുമായി വലിയപറമ്പ കൃഷിഭവനും പദ്ധതിയില്‍ സജീവമാണ്. പഞ്ചായത്തിന്റെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നാലുലക്ഷം രൂപ ചെലവില്‍ നാടാകെ പൂക്കളം പദ്ധതി നടപ്പിലാക്കുന്നത്. 2860 വീടുകളിലേക്ക് 2860 യൂനിറ്റ് ചെണ്ടുമല്ലിത്തൈകള്‍ എത്തിച്ചുകഴിഞ്ഞു.
ഒരു യൂനിറ്റില്‍ 10 തൈകളും അതിനാവശ്യമായ ജൈവവളവും ഉണ്ടാവും. കൂടുതല്‍ യൂനിറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് കൃഷിഭവനില്‍ തൈകള്‍ തയാറാണ്. ആഗസ്ത് അവസാനത്തോടെ ചെണ്ടുമല്ലികള്‍ പുഷ്പിച്ച് തുടങ്ങും.
പഞ്ചായത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഓണക്കാലത്ത് അന്യനാട്ടിലെ പൂക്കളെ ആശ്രയിക്കുന്ന സാഹചര്യമാണ് മലയാളികള്‍ക്കുള്ളത്. പൂക്കളം ഒരുക്കാനുപയോഗിക്കുന്ന പൂക്കളില്‍ ഒന്നെങ്കിലും തദ്ദേശീയമാവണം എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ജാതിമത ചിന്തകള്‍ക്കതീതമായി പഞ്ചായത്തിലെ എല്ലാവരും നാടാകെ പൂക്കളം പദ്ധതിയുമായി സഹകരിക്കുന്നതായി വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

