അളന്നുതീരാത്ത വികസനം; രാജാ റോഡ് വികസനം എങ്ങുമെത്തിയില്ല
text_fieldsരാജാ റോഡിനുവേണ്ടി തിങ്കളാഴ്ച സ്ഥലം അളന്ന്
തിട്ടപ്പെടുത്തുന്ന റവന്യൂ ഉദ്യോഗസ്ഥർ
നീലേശ്വരം: ഭൂമി അളന്നുതീരാത്ത വികസനംമൂലം എങ്ങുമെത്താതെ നീലേശ്വരം രാജാ റോഡ് വീതികൂട്ടൽ പ്രവൃത്തി നീളുന്നു. 11 വർഷമായി നീലേശ്വരം നഗരസഭ ഭരിക്കുന്ന സി.പി.എം നേതൃത്വത്തിന് രാജാ റോഡ് വികസനം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഭൂമി അളക്കലും മരാമത്ത് വകുപ്പിന്റെ കെട്ടിടത്തിനുള്ള നഷ്ടം കണക്കാക്കലും പൂർത്തിയായിട്ടില്ല.
ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുന്ന മാർക്കറ്റ് ജങ്ഷനിൽനിന്ന് പോസ്റ്റ് ഓഫിസ് വരെയുള്ള ഒരു കിലോമീറ്ററും 400 മീറ്ററും വരുന്ന റോഡാണ് വീതികൂട്ടി വികസിപ്പിക്കേണ്ടത്. 14 മീറ്റർ വീതിയിൽ ഡിവൈഡർ ഉൾപ്പെടെ കാൽനടകൂടി പ്രായോഗികമാകുന്നതാണ് റോഡ് വികസനം.
2017 ലെ സംസ്ഥാന സർക്കാർ ബജറ്റിലാണ് രാജാ റോഡ് വികസനത്തിനും കച്ചേരിക്കടവ് പാലത്തിനുമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 40 കോടി രൂപ അനുവദിച്ചത്. പിന്നീട് പദ്ധതി രണ്ടായി വിഭജിക്കുകയും കച്ചേരിക്കടവ് പാലം പൊതുമരാമത്ത് വകുപ്പും രാജാ റോഡ് വികസനം കിഫ്ബിയും ഏറ്റെടുത്ത് നടത്താൻ ഉത്തരവിട്ടു. തുടർന്ന് 2020 മാർച്ചിൽ കിഫ്ബി ബോർഡ് രാജാ റോഡ് പദ്ധതിക്ക് അംഗീകാരം നൽകി.
റോഡിന് വീതികൂട്ടുന്നതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനും കെട്ടിടം നഷ്ടപ്പെടുന്ന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 17 കോടി രൂപ നീക്കിെവക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുന്നതിനായി സംസ്ഥാന സർക്കാർ സ്പെഷൽ ഓഫിസറെ നിയമിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി തുടർന്നു. സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ കിഫ്ബി പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി മാത്രം സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കൂ.
നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടായാൽ നീലേശ്വരത്തിന്റെ സ്വപ്നപദ്ധതിയായ രാജാ റോഡ് വികസനം സാധ്യമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

