ഉദുമ പീഡനക്കേസ്: 17ാം പ്രതിയും അറസ്റ്റില്‍
text_fieldsഅഹമ്മദ് വസീം
കാസർകോട്: ഉദുമയില്‍ നടന്ന പ്രമാദമായ പീഡനക്കേസിലെ പ്രതിയെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ആലക്കോട് സി.ഐ എം.പി. വിനീഷ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. ഉദുമ പടിഞ്ഞാറ് വീട്ടില്‍ അഹമ്മദ് വസീം (27)ആണ് പിടിയിലായത്. ഭര്‍ത്താവിന്റെ സുഹൃത്ത് ഉള്‍പ്പെടെ 21 പേര് പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.
2016-18ലാണ് കേസിനാസ്പദ സംഭവം. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ അഷ്റഫ് യുവതിയെ പീഡിപ്പിച്ചശേഷം രംഗങ്ങള്‍ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് കേസ്. കാസർകോട് ബേക്കല്‍ സ്വദേശിനി സുബൈദ (50) ഉള്‍പ്പെട്ട സെക്സ് റാക്കറ്റായിരുന്നു പീഡനത്തിന് പിറകില്‍. സംഭവത്തെക്കുറിച്ച് 2020ല്‍ യുവതി കാസർകോട് പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് ഡി.ജി.പിക്ക് പരാതി നല്കി. ഡി.ജി.പി ബേക്കല്‍ പൊലീസിനോട് കേസ് അന്വേഷിക്കാന്‍ പറഞ്ഞെങ്കിലും പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളി. തുടര്‍ന്ന് യുവതി ഹൈകോടതിയെ സമീപിച്ചു. കാസർകോട് ജില്ലക്ക് പുറത്ത് കണ്ണൂര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. പ്രേമരാജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായത്. 16 പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു. ഇതിനുപിറകെയാണ് അന്വേഷണ സംഘാംഗമായ ആലക്കോട് സി.ഐ ദുബൈയിൽ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ അഹമ്മദ് വസീമിനെ അറസ്റ്റ് ചെയ്തത്. ആലക്കോട് എ.എസ്.ഐ പ്രകാശന്, ഡി.ഐ.ജിയുടെ അന്വേഷണ സംഘത്തിലെ സീനിയര്‍ സി.പി.ഒ രതീഷ് പുന്നൂല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. 21 പ്രത്യേക കേസുകളാണ് പീഡനവുമായി ബന്ധപ്പെട്ട് എടുത്തത്. ഇനി നാലുപേരെ പിടികിട്ടാനുണ്ട്. ഇവര്‍ ദുബൈയിലാണുള്ളത്.