മഞ്ചേശ്വരത്ത് ആശങ്കയറുത്ത് യു.ഡി.എഫ്
text_fieldsകാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാഴാഴ്ച ജനം വിധിയെഴുതിയതോടെ മഞ്ചേശ്വരം നിയോജകമണ്ഡലം യു.ഡി.എഫ് ആശങ്കക്ക് ഇടയില്ലാത്തവിധം ഉറപ്പിച്ചതായി സൂചനകൾ. ന്യൂനപക്ഷ മേഖലകളിലെ കനത്ത പോളിങ്ങും തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലെ വിജയവും വിലയിരുത്തുമ്പോൾ മഞ്ചേശ്വരത്തെ സംബന്ധിച്ച് യു.ഡി.എഫിൽ ആശങ്ക ഒഴിയുകയാണ്. മണ്ഡലത്തിൽ ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 77.93 ശതമാനമായിരുന്ന പോളിങ് ഇത്തവണ 3.11 ശതമാനം വർധിച്ച് 81.04 ശതമാനമായി. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി 12,000 വോട്ടുകൾ ചേർത്തിരുന്നതായി യു.ഡി.എഫ് അവകാശപ്പെട്ടിരുന്നു. വർധിച്ച വോട്ടുകളിൽ 75 ശതമാനം യു.ഡി.എഫിന്റെതാകുമ്പോൾ എസ്.ഐ.ആർ പ്രകാരം തള്ളിയ വോട്ടുകളിൽ 25 ശതമാനം മാത്രമാണ് യു.ഡി.എഫിന്റെത്. തള്ളിയതിലും ചേർത്തതിലും യു.ഡി.എഫിന്റെ പങ്ക് മാറ്റിനിർത്തിയാൽ ബാക്കിവരുന്ന വോട്ടുകൾ ബി.ജെ.പി-എൽ.ഡി.എഫ് മുന്നണികളിലായി വിഭജിക്കപ്പെടുന്നു.
ഈ കണക്കുകൾ ശരിവെച്ചാൽ യു.ഡി.എഫ് 5000 വോട്ടിന് മുകളിൽ വിജയം കൈവരിക്കും. ബി.ജെ.പിയുടെ ആത്മവിശ്വാസക്കുറവ് പ്രചാരണത്തിലും പോളിങ് ദിനത്തിലും പ്രകടമായിരുന്നു. ബി.ജെ.പി ഇത്തവണ കൊട്ടിക്കലാശം തന്നെ തീരുമാനിച്ചിടത്തുനിന്ന് ഉപേക്ഷിക്കുകയായിരുന്നു. ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ഇതെന്ന് പറയപ്പെടുന്നു.
ശാന്തമായ അന്തരീക്ഷമാണ് പൊതുവിൽ മഞ്ചേശ്വരത്തുണ്ടായത്. ബി.ജെ.പി ലക്ഷ്യമിടുന്ന ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടാണ് ഏറ്റവും കൂടുതൽ എസ്.ഐ.ആറിൽ തള്ളിയത്. ഇടതുപക്ഷ വോട്ടുബാങ്കുകളിൽ ഇടപെട്ട് ഇത് പരിഹരിക്കാനുള്ള ശ്രമം ബി.ജെ.പി സ്ഥാനാർഥി നടത്തിയെങ്കിലും ലക്ഷ്യംകണ്ടില്ല.
2016ലും 2021ലും കടുത്ത പോരാട്ടമാണ് യു.ഡി.എഫും ബി.ജെ.പിയും മഞ്ചേശ്വരത്ത് കാഴ്ചവെച്ചത്. 2016ൽ 89 വോട്ടുകൾക്കും 2021ൽ 754 വോട്ടുകൾക്കുമാണ് ബി.ജെ.പി തോറ്റത്. കൂടുതൽ കരുത്തോടെ മണ്ഡലം പിടിക്കാനുള്ള ഒരുക്കത്തിനിടയിലാണ് എസ്.ഐ.ആർ ബി.ജെ.പിക്കുമേൽ അശനിപാതമായത്. കാലങ്ങളായി മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് മരിച്ചും കുടിയൊഴിഞ്ഞും വിവാഹിതരായും കർണാടകത്തിലേക്ക് കുടിയേറിയും വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്ന വോട്ടുകൾ നിലനിർത്തുകയായിരുന്നു മുന്നണികൾ. ഇത്തവണ അത് സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

