യു ടേൺ നിരോധിച്ചാൽ എങ്ങനെ പോകും..
text_fieldsയു ടേൺ നിയമലംഘനമാണെന്ന് കാണിച്ച് മൊഗ്രാൽ ലീഗ് ഓഫിസിന് സമീപത്തെ എക്സിറ്റ് പോയന്റിനരികിൽ ദേശീയപാതയിൽ സ്ഥാപിച്ച ബോർഡ്
കാസർകോട്: ദേശീയപാത വികസനം പൂർത്തിയാവുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തപ്പോൾ ഏറെ ആശങ്കയിലായിരിക്കുന്നത് മൊഗ്രാൽ കൊപ്പളം പ്രദേശവാസികൾ. ലീഗ് ഓഫിസിന് സമീപത്തുള്ള എക്സിറ്റ് പോയന്റിൽനിന്ന് യു ടേൺ ഇല്ലെന്നുകാണിച്ച് ദേശീയപാതയിൽ സിഗ്നൽ ബോർഡ് സ്ഥാപിച്ചതാണ് ഇപ്പോൾ ആശങ്കക്ക് കാരണം.
കൊപ്പളം, വളച്ചാൽ പ്രദേശവാസികൾ എക്സിറ്റ് പോയന്റില്‍നിന്ന് യു ടേൺ അടിച്ചാണ് കൊപ്പളം റെയിൽവേ അടിപ്പാതവഴി കൊപ്പളത്തിലേക്കും തൊട്ടടുത്ത ഒളച്ചാൽ, ജുമാമസ്ജിദ് റോഡ് വരെയുള്ള താമസക്കാർ വീടുകളിലേക്കും പോകുന്നത്. ബോർഡ് സ്ഥാപിച്ചതോടെ ഇനി ഇതിന് തടസ്സമാവുമോ, നിയമലംഘനമാകുമോ എന്ന ഭയം പ്രദേശവാസികൾക്കുണ്ട്.
മൊഗ്രാൽ പാലത്തിൽനിന്ന് 100 മീറ്റർ അകലെവരെ സർവിസ് റോഡ് ഇല്ലെന്നുള്ള നേരത്തേയുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിൽ പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് ജനപ്രതിനിധികളൊക്കെ ഇടപെട്ടതിനുശേഷമാണ് കൊപ്പളത്തിലേക്കുള്ള റോഡിലൂടെ അടിപ്പാതയിലേക്ക് പോകാമെന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നത്. ഈ തീരുമാനത്തിനുശേഷമാണ് ഇപ്പോൾ ദേശീയപാതയിൽ യു ടേൺ നിരോധിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കൊപ്പളത്തിലെ ഇരുഭാഗത്തെയും ബസ് കാത്തിരിപ്പുകേന്ദ്രം തന്നെ നഷ്ടപ്പെട്ടതിലുള്ള പ്രയാസത്തിലാണ് പ്രദേശവാസികളുള്ളത്. അതിനിടയിലാണ് യു ടേണും നിരോധിച്ചിരിക്കുന്നത്. യാത്രദുരിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

