Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതുളുനാടൻ സംസ്കൃതി...

തുളുനാടൻ സംസ്കൃതി ഓർമപ്പെടുത്തി ഗളിഞ്ചൻ ഇറങ്ങി

text_fields
bookmark_border
തുളുനാടൻ സംസ്കൃതി ഓർമപ്പെടുത്തി ഗളിഞ്ചൻ ഇറങ്ങി
cancel
camera_alt

കുമ്പളയിലെ തെയ്യം കലാകാരൻ അജയ് ആരിക്കാടിയും ഗളിഞ്ചൻ തെയ്യത്തിന് വേഷമിട്ടിരിക്കുന്ന ജ്യേഷ്ഠന്റെ മകൻ ജെഷ്വിനും 

കുമ്പള: തുളുനാടൻ സംസ്കാരവും നാട്ടറിവും ഓർമപ്പെടുത്തി ഗ്രാമങ്ങളിൽ കർക്കടക തെയ്യമായ ഗളിഞ്ചൻ ഇറങ്ങി. ഉത്തര മലബാറിലെ മറ്റു ഭാഗങ്ങളിൽ ആടിയും വേടനും മാത്രമുള്ളപ്പോൾ കുമ്പള ഉൾപ്പെടുന്ന തുളുനാടൻ അതിർത്തിയിൽ മഹാഭാരതത്തിലെ കിരാതപർവം കഥയെ അടിസ്ഥാനമാക്കി വേടൻ, ആടി, ഗളിഞ്ചൻ എന്നീ മൂന്ന് തെയ്യങ്ങൾ കെട്ടിയാടുന്നു. കേരളീയ തെയ്യ സംസ്കാരവും കർണാടകത്തിലെ തുളുനാടൻ ഭൂതക്കോല പാരമ്പര്യവും ഒത്തുചേരുന്ന ഒരു സാംസ്കാരിക സമന്വയമാണ് ഇവിടത്തെ തെയ്യങ്ങളുടെ പ്രധാന വിശേഷം. വേടൻ തെയ്യം പാശുപതാസ്ത്രം നൽകുന്നതിനായി അർജുനനെ പരീക്ഷിക്കാൻ വേടരൂപത്തിൽ വന്ന പരമശിവന്റെ സങ്കൽപമാണ്. മലയസമുദായത്തിലെ കുട്ടികളാണ് ഈ തെയ്യം കെട്ടിയാടുന്നത്.

കർക്കടക മാസത്തിലെ ആദ്യ പകുതിയിലാണ് വേടൻ തെയ്യം വീടുകളിൽ എത്തുന്നത്. കർക്കടകം 31 വരെ ഇത് തുടരും. ദാരിദ്ര്യവും ദുരിതങ്ങളും അകറ്റി ഐശ്വര്യം നൽകാനാണ് വേടൻ വരുന്നതെന്നാണ് ഐതിഹ്യം. ആടി തെയ്യം വേട രൂപം പൂണ്ട ശിവനോടൊപ്പം കാട്ടാളസ്ത്രീയായി വന്ന പാർവതിദേവിയുടെ സാങ്കൽപമാണ്. ഇതിനെ ‘കർക്കിടോത്തി’ എന്നും വിളിക്കാറുണ്ട്. മണ്ണാർ സമുദായത്തിലെ കുട്ടികളാണ് ഈ തെയ്യം കെട്ടുന്നത്.

ഗളിഞ്ചൻ തെയ്യമാണ് കുമ്പളയുടെ ആത്മാവ്. ഇതിന് ഒരുപാട് ചരിത്രങ്ങളുണ്ട്. ശിവനോട് യുദ്ധം ചെയ്ത അർജുനന്റെ സങ്കൽപമാണിത്. കുമ്പള ഉൾപ്പെടുന്ന തുളുനാടൻ മേഖലയിൽ മാത്രം കാണാറുള്ള സവിശേഷമായ തെയ്യമാണിത്. തുളുപാരമ്പര്യമുള്ള നാൽക്കത്തായ സമുദായത്തിലെ കുട്ടികളാണ് ഈ തെയ്യം കെട്ടിയാടുന്നത്. ഇതിന്റെ ‘തോറ്റപ്പാട്ടുകൾ’ മലയാളത്തിന് പകരം തുളു ഭാഷയിലാണ് പാടുന്നത്. അതുകൊണ്ടുതന്നെ അതിന് തുളുനാടിൽ മനോഹാരിതയുമുണ്ട്.

കർക്കടകമാസം പകുതിയാകുമ്പോൾ വീട്ടിലെത്തുന്ന ഈ തെയ്യം കോലങ്ങൾ വീട്ടിലെ ദോഷങ്ങൾ അകറ്റാൻ സഹായകമാവുന്നുവെന്നാണ് വിശ്വാസം. ദോഷങ്ങൾ അകറ്റാനും കൃഷി അഭിവൃദ്ധിക്കും മഞ്ഞളും ചുണ്ണാമ്പും ചേർന്ന ചുവന്ന ‘ഗുരുതി' വെള്ളം ഉഴിഞ്ഞെടുക്കുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിന് വേണ്ടി തെയ്യം കെട്ടിയാടിയതിന് ശേഷം മുകളിൽ പറഞ്ഞ ‘ഗുരുതി’ വെള്ളം വീടിന് ചുറ്റും ഒഴുക്കും.

അതോടെ ഒരു വീട്ടിലെ പരിപാടിക്ക് സമാപനവുമാവും. പണ്ടുകാലത്ത് കെട്ടിയാടുന്ന ഇത്തരം തെയ്യങ്ങൾക്ക് വീട്ടുകാർ ദഡ്പ്പയിൽ കൂടി വലിയ ദക്ഷിണ നൽകുമായിരുന്നു. അതിൽ അരിയും ഉപ്പുതൊട്ട് കൽപ്പൂരം വരെയുള്ള മറ്റ് അവശ്യസാധനങ്ങളുമുണ്ടാകുമായിരുന്നെന്ന് കുമ്പളയിലെ തെയ്യം കലാകാരൻ അജയ് ആരിക്കാടി പറയുന്നു. എന്നാൽ ഇന്ന് മിക്ക വീടുകളിൽ നിന്നും പണമാണ് ദക്ഷിണയായി നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanskritfaithKasargod NewsKasargod
News Summary - തുളുനാടൻ സംസ്കൃതി ഓർമപ്പെടുത്തി ഗളിഞ്ചൻ ഇറങ്ങി
Next Story