തുളുനാട് ബൊട്ടാണിക്കല്‍ ഗാര്ഡന് ഒരുങ്ങുന്നു
text_fieldsതുളുനാട് ബോട്ടാണിക്കൽ ഗാർഡൻ മാതൃക
കാസർകോട്: സാമൂഹിക വനവത്കരണത്തോടൊപ്പം പ്രകൃതി പഠനവും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉള്‍പ്പെടുത്തി തുളുനാട് ബൊട്ടാണിക്കല്‍ ഗാര്ഡന് ഒരുങ്ങുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തെക്കില്‍ വില്ലേജിലെ 8.06 ഏക്കര്‍ സ്ഥലമാണ് പദ്ധതി പ്രദേശമായി തിരഞ്ഞെടുത്തിരിക്കുന്നത്.
വിവിധതരം ഓര്‍ക്കിഡുകള്‍, മുളകള്‍, കള്ളിമുള്‍ച്ചെടികള്‍, വംശനാശം നേരിടുന്ന സസ്യങ്ങള്‍, ദശമൂലം ദശപുഷ്പം, മഹല്‍, പഞ്ച മൂലങ്ങള്‍ എന്നിവ ഉപയോഗിച്ച് നക്ഷത്രവനം, കുട്ടിവനം, മാതൃവനം പിതൃവനം, വിദ്യാവനം, നവഗ്രഹവനം എന്നിവ നിര്‍മിക്കും. ജാപ്പനീസ് മിയാവാക്കി രീതിയിലാകും വനങ്ങള്‍ വെച്ചുപിടിപ്പിക്കുക. എല്ലാത്തരം സസ്യങ്ങളുടെ പേരുകളും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകങ്ങളും സ്ഥാപിക്കും.
കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്കുകളും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രകൃതിപഠന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്. പെറ്റ്സ് പാര്‍ക്ക്, സസ്യ നഴ്സറി, റെയിന്‍ ഷെല്‍ട്ടറുകള്‍, ചെടികളെ ശാസ്ത്രീയമായി ഉണക്കി സൂക്ഷിക്കുന്ന ഹെര്‍ബേറിയം, ആംഫി തീയറ്റര്‍, മ്യുസിയം, മഴവെള്ള സംഭരണികള്‍, നിരീക്ഷണ സ്തൂപങ്ങള്‍ എന്നിവ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗമാണ്. സ്വകാര്യമേഖലയെ കൂടി ഉള്‍പ്പെടുത്തി ഗാര്ഡനുള്ളില് ഗസ്റ്റ് ഹൗസുകളും ടൂറിസ്റ്റ് ഹോമുകളും നിര്‍മിക്കും. പാര്‍ക്കില്‍ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഉത്തുംഗ പാതകളും റോപ് വേയുമുണ്ടാകും.
സസ്യോദ്യാനത്തിന്റെ ചുറ്റുമതില്‍ മുളകള്‍ നട്ടുപിടിപ്പിച്ചു ബയോ ഫെന്‍സിങ് രീതിയിലാകും. ഗാര്ഡന് വരുന്നതോടെ ജില്ലയില്‍ വേനല്‍ക്കാലത്തുണ്ടാകുന്ന കടുത്ത ചൂടിനെ തടയാനും അന്തരീക്ഷത്തിലെ ഓക്സിജന്‍ അനുപാതവും കാര്‍ബണ്‍ ക്രെഡിറ്റും വര്‍ധിപ്പിക്കാനും സാധിക്കും. മണ്ണൊലിപ്പ് തടയാനും മഴവെള്ളം ശേഖരിച്ച് വെക്കാനുമാകും.
കാസര്‍കോട് വികസന പാക്കേജിലുൾപ്പെടുത്തി 20 ലക്ഷം രൂപയാണ് പദ്ധതിക്ക് നല്‍കുക. ബി.ആര്.ഡി.സി യുടെയും എം.ജി.എന്‍.ആര്.ഇ.ജി.എയുടെയും പിന്തുണ പദ്ധതിക്കുണ്ട്. പഞ്ചായത്ത് വിഹിതത്തോടൊപ്പം സി.എസ്.ആര് ഫണ്ടും മറ്റ് സ്പോണ്സര് ഷിപ്പുകളും പദ്ധതിക്കായി ഉപയോഗപ്പെടുത്തും. ജില്ല നിര്‍മിതി കേന്ദ്രത്തിനാണ് ഗാര്‍ഡന്റെ നിര്‍മാണ ചുമതല. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തും ജില്ലയിലെ പ്രധാന റോഡുകളില്‍നിന്ന് എളുപ്പത്തിലും എത്തിച്ചേരാവുന്ന സ്ഥലത്താണ് പദ്ധതി പ്രദേശമെന്നതിനാല്‍ കൂടുതല്‍ വിനോദ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

