കെട്ടിട നമ്പറില്ലാതെ ട്രഷറി; ആര് കാണുന്നു ഇതൊക്കെ
text_fieldsകാസർകോട്: ജില്ലയിൽ കെട്ടിട നമ്പറില്ലാതെ പ്രവർത്തിക്കുന്ന ഫ്ലാറ്റ് സമുച്ചയം സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടിനുപിന്നാലെ നമ്പറില്ലാതെ ഇതാ സർക്കാറിന്റെ സ്വന്തം സ്ഥാപനം. ജൂണിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്ത ചട്ടഞ്ചാൽ സബ് ട്രഷറി കെട്ടിടത്തിനാണ് നമ്പറില്ലാത്തത്.
വ്യവസ്ഥകൾ പാലിക്കാതെ നിർമാണം നടത്തിയതിനാണ് പഞ്ചായത്ത് കെട്ടിട നമ്പർ നിഷേധിച്ചത്. തായലങ്ങാടിയിൽ കെട്ടിട നമ്പറില്ലാതെ ഫ്ലാറ്റ് സമുച്ചയം പ്രവർത്തിക്കുന്ന വിവരം വിജിലൻസ് കൈയോടെ പിടികൂടിയപ്പോഴാണ് സർക്കാർ സ്ഥാപനത്തിന്റെ അവസ്ഥ വിവാദമാവുന്നത്. കെട്ടിട നമ്പറില്ലാതെ ഫ്ലാറ്റ് പ്രവർത്തിക്കുന്നപോലെ തന്നെയാണ് ട്രഷറിയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്.
രണ്ടുപതിറ്റാണ്ട് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ട്രഷറിക്ക് സ്വന്തം കെട്ടിടമായത് വലിയ ആഘോഷമാക്കിയാണ് ഉദ്ഘാടനം നടത്തിയത്. ഇന്റീരിയർ വർക്ക് അടക്കം 1.5 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 3000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഇരുനില കെട്ടിടമാണ് ട്രഷറിക്കായി പണിതത്.
ആവശ്യമായ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്താത്തതാണ് നമ്പർ കിട്ടാതിരിക്കാനുള്ള പ്രധാന വീഴ്ച. ട്രഷറി വളപ്പിലേക്ക് വാഹനം കയറിയാൽ തിരിച്ചു പോകണമെങ്കിൽ റിവേഴ്സ് എടുത്തുതന്നെ പോകണം. അനുമതി നൽകിയതിൽനിന്ന് വ്യത്യസ്തമായി നിർമാണത്തിൽ അപാകതകളുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത്, കെട്ടിട നമ്പർ അനുവദിക്കുന്നതിന് അസി. എൻജിനീയർ അനുകൂല റിപ്പോർട്ട് നൽകിയില്ല. ഇതോടെ, കെട്ടിട നമ്പർ ആവശ്യപ്പെട്ട് ട്രഷറി അധികൃതർ നൽകിയ അപേക്ഷ പഞ്ചായത്ത് സെക്രട്ടറി നിരസിക്കുകയും ചെയ്തു.
കെട്ടിട നമ്പർ കാര്യത്തിൽ പ്രത്യേക ഇളവ് നൽകണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ അനുമതി ലഭ്യമാക്കണം. അതിനു അപ്പൻഡിക്സ് ഫോറം എൻ പൂരിപ്പിച്ച് സെക്രട്ടറിക്കു അപേക്ഷ നൽകണം. ഇത് സെക്രട്ടറി ജില്ല ടൗൺ പ്ലാനർക്ക് അയക്കും. തുടർന്ന് ചീഫ് ടൗൺ പ്ലാനർ വഴി സർക്കാർ അനുമതി ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

