ടാങ്കര്‍, ടിപ്പര്‍ ലോറികളുടെ ഗതാഗതം ക്രമീകരിക്കും – കാസർകോട് ജില്ല വികസന സമിതി
text_fieldsകാസർകോട്: ജില്ലയിലൂടെ കടന്നുപോകുന്ന ടാങ്കര്‍, ടിപ്പര്‍ ലോറികളുടെ ഗതാഗതം ക്രമീകരിക്കാന്‍ ജില്ല വികസന സമിതി യോഗത്തില്‍ ജില്ല കലക്ടര്‍ കെ. ഇംപശേഖര് നിര്‍ദേശം നല്കി. ടാങ്കര്‍ ലോറികള്‍ ദേശീയപാതയിലൂടെ മാത്രം ഗതാഗതം നടത്തണം. സംസ്ഥാന പാതകളിലൂടെ ദീര്‍ഘദൂര ടാങ്കര്‍ ഓടിക്കരുത്. സ്കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന രാവിലെയും വൈകീട്ടും ടിപ്പര്‍ ലോറികള്‍ ഗതാഗതം നടത്താന്‍ അനുവദിക്കില്ല.
ഇത് ശ്രദ്ധയില്‍പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് വകുപ്പുകള്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്കി. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ആര്.ടി.ഒ പരിശോധന ശക്തമാക്കും. ഇതിന്റെ ദൈന്യംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആര്.ടി.ഒയോട് കലക്ടര്‍ നിര്‍ദേശിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി നിര്‍മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കുമെന്നും സ്ഥലത്തുള്ള മരങ്ങള്‍ മുറിച്ച് മാറ്റിയതിനുശേഷം ടെൻഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
ഐസൊലേഷന്‍ വാര്‍ഡ്, ടി.ബി സെന്റര്‍, മോര്‍ച്ചറി എന്നിവയുടെ നിര്‍മാണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. പഴയ ടി.ബി സെന്റര്‍ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.
മോര്‍ച്ചറി കെട്ടിടത്തിനായി കണ്ടെത്തിയ സ്ഥലത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് സാമൂഹിക വനവല്‍ക്കരണ വിഭാഗം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിച്ചതില്‍ നടപടി സ്വീകരിക്കാന്‍ മഞ്ചേശ്വരം താലൂക്കിലെ വിവിധ വില്ലേജ് ഓഫിസുകളില്‍നിന്ന് കാലതാമസമെടുക്കുന്നുവെന്ന് എ.കെ.എം. അഷ്റഫ് എം.എല്‍.എ. വില്ലേജ് ഓഫിസുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
തീരദേശ മേഖലയായ കോയിപ്പാടി, പെര്‍വാര്‍ഡ്, നാങ്കി ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ കര കടലെടുത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവെച്ച പദ്ധതികളുടെ പുരോഗതി എം.എല്‍.എ ആവശ്യപ്പെട്ടു.
പെര്‍വാര്‍ഡ് കടപ്പുറത്ത് ജിയോ ബാഗ് ഉപയോഗിച്ച് അടിയന്തര സംരക്ഷണ പ്രവൃത്തിക്കായി 24 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു. കണ്വതീര്‍ഥ ബീച്ച്, പൊസാഡിഗുംബെ, കുമ്പള റൂറല്‍ ടൂറിസം പദ്ധതികളുടെ പുരോഗതി ചര്‍ച്ചചെയ്തു.
ദേശീയപാത നിര്‍മാണം മൂലം ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഹൊസങ്കടിയില്‍ വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടണമെന്ന ആവശ്യം എ.കെ.എം. അഷ്റഫ് എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. ജില്ല പ്ലാനിങ് ഓഫീസര്‍ കെ. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എം കെ. നവീന്‍ ബാബു, ആര്.ഡി.ഒ അതുല്‍ സ്വാമിനാഥ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, വകുപ്പ്മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

