കുരുക്കിലമർന്ന് കുമ്പള; ഗതാഗത തടസ്സം നിത്യസംഭവം
text_fieldsകുമ്പള ടൗണിലെ ഗതാഗതക്കുരുക്ക്
കാസർകോട്: ദേശീയപാത നിർമാണം പുരോഗമിക്കുന്ന കുമ്പള ട്രാഫിക് ജങ്ഷനിൽ ഗതാഗത തടസ്സം നിത്യസംഭവമാകുന്നു. സീതാംഗോളി വ്യവസായ പാർക്കിലേക്കുള്ള ചരക്കുവണ്ടികൾ ജങ്ഷനിൽ കുടുങ്ങുന്നതാണ് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാകുന്നത്.
കഴിഞ്ഞദിവസം ഉച്ചയോടെ മണിക്കൂറുകളോളമാണ് ട്രാഫിക് ജങ്ഷനിൽ ഗതാഗതതടസ്സം നേരിട്ടത്. കുമ്പള ബസ് സ്റ്റാൻഡിൽനിന്ന് മംഗളൂരു-തലപ്പാടി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്കും മറ്റു വാഹനങ്ങൾക്കും പോകാൻ ബസ് സ്റ്റാൻഡിന് മുന്നിലൂടെ റോഡ് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, ഇത് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നില്ല.
അവശേഷിക്കുന്ന ജങ്ഷനിലെ ദേശീയപാത നിർമാണ ജോലികൾ ഈ ആഴ്ചയോടെ വീണ്ടും ആരംഭിക്കുന്നതിനാൽ അന്ന് തുറന്നുകൊടുക്കാനായിരുന്നു തീരുമാനം. ദേശീയപാത നിർമാണം പൂർത്തിയാക്കുകയും കുമ്പള ജങ്ഷൻ അടക്കുകയും ചെയ്താൽ കുമ്പളയിൽ വലിയ ഗതാഗതക്കുരുക്ക് സമീപഭാവിയിൽ നേരിടേണ്ടിവരുമെന്ന് നാട്ടുകാരും വ്യാപാരികളും അധികൃതരെ അറിയിച്ചിരുന്നു. സീതാംഗോളി കിൻഫ്ര പാർക്കിലേക്കുള്ള കണ്ടെയ്നർ ലോറികൾ കുമ്പള റെയിൽവേ സ്റ്റേഷൻ അടിപ്പാത വഴി ടൗണിലേക്ക് എത്താൻ പ്രയാസം നേരിടുകയും ഇത് വലിയതോതിൽ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും. അതിനാൽ ജങ്ഷനിൽ ദേശീയപാത നിർമാണ രൂപരേഖ മാറ്റംവരുത്തി പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ, ഇതിന് ദേശീയപാത അതോറിറ്റിയുടെ അനുകൂല നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

