Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശാസ്ത്രീയ ദേശീയപാത നിർമാണത്തിനെതിരെ കളിത്തോണിയിറക്കി ജനകീയ പ്രതിഷേധം

text_fields
bookmark_border
അശാസ്ത്രീയ ദേശീയപാത നിർമാണത്തിനെതിരെ കളിത്തോണിയിറക്കി ജനകീയ പ്രതിഷേധം
cancel
camera_alt

നീലേശ്വരം ജനകീയ സമരസമിതി പ്രവർത്തകർ പാലത്തിന് സമീപം നീർച്ചാലിൽ കടലാസ് കൊണ്ടുള്ള കളിത്തോണി ഇറക്കി പ്രതിഷേധിക്കുന്നു

നീലേശ്വരം: കൊടുംവേനലിലും വെള്ളം കിനിഞ്ഞുനിൽക്കുന്ന ദേശീയപാത നീലേശ്വരം പാലത്തിന് സമീപത്തെ ചതുപ്പുനിലത്തിൽ അശാസ്ത്രീയമായി റാംപ് നിർമിക്കുന്നതിൽ പ്രതിഷേധിച്ച് നീലേശ്വരം ജനകീയ സമരസമിതി പ്രവർത്തകർ നീർച്ചാലിൽ കടലാസ് കൊണ്ടുള്ള കളിത്തോണി ഇറക്കി പ്രതിഷേധിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് മണ്ണു നിറച്ചുള്ള നിർമാണം ഉപേക്ഷിച്ച് തൂണുകളിലുള്ള ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ 196ാം ദിവസത്തിലാണ് വേറിട്ട പ്രതിഷേധ സമരം നടത്തിയത്. തെക്കിൽ വളവിൽനിന്ന് റോഡ് പൊളിച്ചുമാറ്റിയ കോൺക്രീറ്റ് മാലിന്യം നിക്ഷേപിച്ചാണ് ഇവിടെ നിർമാണം പുരോഗമിക്കുന്നത്.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ സുരക്ഷ പൂർണമായി കാറ്റിൽപ്പറത്തിക്കൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. എന്നാൽ, അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇത് ശാസ്ത്രീയ നിർമാണമാണെന്ന മറുപടിയാണ് ലഭിച്ചത്. നാടിന്റെ പൊതുവായ ആവശ്യത്തോട് അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സ്വീകരിക്കുന്ന പിന്തിരിപ്പൻ നയം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.

നീലേശ്വരത്തെ ഹൈവേ നിർമാണം ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചല്ല നടക്കുന്നതെന്ന് മുൻ ജില്ല കലക്ടർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ, സംയുക്ത വിദഗ്ദ്ധ സമിതി നടത്തിയ സ്ഥലപരിശോധന റിപ്പോർട്ടിലും നീലേശ്വരത്തെ മണ്ണു നിറച്ചുള്ള നിർമാണം ഒഴിവാക്കണമെന്നും സുഗമമായ ഗതാഗതത്തിന് തൂണുകളിൽ നിൽക്കുന്ന മേൽപാലം അനിവാര്യമാണെന്നും ശിപാർശ ചെയ്തിട്ടുള്ളതാണ്. ഈ റിപ്പോർട്ടുകളെല്ലാം അവഗണിച്ചാണ് നിലവിലെ നിർമാണം. ജനകീയ സമര സമിതി ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി, ജനറൽ കൺവീനർ ഡി. രാജൻ, ട്രഷറർ മഹമ്മൂദ് കോട്ടായി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Toy Boat Protest Over NH Construction
Next Story