‘ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി’; പ്രഖ്യാപനം നടപ്പായില്ല
text_fieldsകാസർകോട്: ജില്ലയിലെ ടൂറിസം പദ്ധതികൾ ബേക്കൽ കോട്ടയിലും റാണിപുരത്തും മാത്രമായി ഒതുങ്ങുന്നുവെന്ന ആക്ഷേപം നിലനിൽക്കെ ‘ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി’ എന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങിയെന്ന് ആരോപണം.
കഴിഞ്ഞമാസം ജില്ലയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തനം വിലയിരുത്താനെത്തിയ ചീഫ് സെക്രട്ടറി സന്ദർശിച്ചതും ബേക്കൽ ബീച്ചും റാണിപുരം പാർക്കുമായിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അവഗണന നേരിടുന്ന പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള കുമ്പള ഗ്രാമപഞ്ചായത്തിലെ ആരിക്കാടി കോട്ടതന്നെ അവഗണനയുടെ ഉദാഹരണമാണ്.
സർക്കാർ നിർദേശത്തെ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുത്ത ടൂറിസം പദ്ധതി ആരിക്കടി കോട്ട തന്നെയായിരുന്നു. ഈ നിർദേശം കുമ്പള ഗ്രാമപഞ്ചായത്ത് സർക്കാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു. വിശാലമായ കുമ്പള തീരദേശത്തെ വിശാലമായ കടൽതീരവും സമീപത്തുള്ള റെയിൽവേ സ്റ്റേഷനും ദേശീയപാതയുമെല്ലാം കുമ്പളയിലെ വിനോദസഞ്ചാരത്തിന് അനുകൂല ഘടകമായതിനാലാണ് ആരിക്കാടി കോട്ട തന്നെ കുമ്പള ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി തിരഞ്ഞെടുത്തതും.
കാസർകോട് നഗരസഭയും സർക്കാറിന്റെ പരിഗണനക്ക് നൽകിയ രണ്ട് ടൂറിസം പദ്ധതികൾക്കും ഇതുതന്നെയാണ് സ്ഥിതി. തളങ്കര പുഴയും ബീച്ചും സംയോജിപ്പിച്ചുള്ള ഹാർബർ നവീകരണ ടൂറിസം പദ്ധതിയും നെല്ലിക്കുന്നിലെ വിശാലമായ കടൽതീരം ടൂറിസം പദ്ധതിയും കടലാസിലൊതുങ്ങിയെന്നാണ് ആക്ഷേപം.
നെല്ലിക്കുന്നിൽ നഗരസഭ ആവിഷ്കരിച്ച ബീച്ച് കാർണിവലും വെളിച്ചംകാണാതെ പോയി. മംഗൽപാടി പഞ്ചായത്തിലെ ഷിറിയ കണ്ടൽക്കാട് ഹരിത ടൂറിസം പദ്ധതി, ഷിറിയ അണക്കെട്ട്, മഞ്ചേശ്വരം പഞ്ചായത്തിലെ കണ്വതീർഥ, പൈവളിഗെ പഞ്ചായത്തിലെ പൊസഡിഗുംപെ, ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്ക ബീച്ച്, പെരിയയിലെ എയർ സ്ട്രിപ് ടൂറിസം പദ്ധതി, കുമ്പളയിലെ യക്ഷഗാന കലാകേന്ദ്രം, മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ പുഴയോര ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളൊക്കെ സർക്കാറിന്റെ ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതിയിൽ എന്ന് യാഥാർഥ്യമാകുമെന്നുകണ്ട് കാത്തിരിപ്പിലാണ്.
അതിനിടെ, ജില്ലയിലെ കടൽതീരത്തുള്ള ഒമ്പതോളം പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ടൂറിസം വികസനം നടപ്പിലാക്കാൻ ബി.ആർ.ഡി.സി പദ്ധതി പ്രദേശമായി കണ്ടെത്തിയിരുന്നു. ഇതിനും തുടർനടപടികളുണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. ആകെ ഈ വർഷം പ്രഖ്യാപനമുണ്ടായത് ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് മൂന്നു വർഷത്തേക്ക് കൈമാറാൻ ധാരണയായത് മാത്രമാണ്.
അതിനിടെ, കുമ്പളയിൽ ഏറെ പ്രതീക്ഷയോടെ കണ്ട പണി പൂർത്തിയായ സർക്കാറിന്റെ പക്ഷിഗ്രാമം പദ്ധതിയായ ഡോർമറ്ററി ഉദ്ഘാടകനെയും കാത്ത് നിൽക്കുന്നുണ്ട്. ഇതും തുറന്നുകൊടുക്കാൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ജില്ലയിലെ ബേക്കൽ കോട്ടക്കും റാണിപുരത്തിനുമുണ്ടാകുന്ന വികസനവേഗം മറ്റുള്ള പഞ്ചായത്തുകളിലെ പദ്ധതികൾക്കും വേണമെന്നാണ് പഞ്ചായത്ത് ഭരണസമിതികളുടെ നിരന്തരമായ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

