കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കും
text_fieldsകാസർകോട്: കക്കൂസ് മാലിന്യമുള്‍പ്പെടെ ദ്രവമാലിന്യ സംസ്‌കരണ അവബോധം സൃഷ്ടിക്കാന്‍ ശുചിത്വ മിഷന്റെ കാമ്പയിന്‍. കക്കൂസ് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും. ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ ജില്ലയില്‍ രണ്ട് ഇടങ്ങളിലായാണ് ഈ പ്ലാന്റുകള്‍ സ്ഥാപിക്കുക. ബേഡഡുക്ക പഞ്ചായത്തും ചെറുവത്തൂര്‍ പഞ്ചായത്തുമാണ് ഇതിനായി തിരഞ്ഞെടുത്തത്.
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പൊതു ജലാശയങ്ങൾ മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമാണെന്നു കണ്ടെത്തിയിരുന്നു. ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയ പടര്‍ന്ന സാഹചര്യത്തില്‍ കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജനങ്ങളെ കാമ്പയിനിലൂടെ ബോധവത്കരിക്കും.
യുനിസെഫ്-വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റിക് ടാങ്കുകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയത പലപ്പോഴും ശാസ്ത്രീയമായ സംസ്‌കരണം സാധ്യമാക്കുന്നില്ല. സെപ്റ്റിക് ടാങ്കുകള്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ശുചീകരിക്കേണ്ടതുണ്ട്. വിസര്‍ജ്യാവശിഷ്ടം ശേഖരിച്ച് ശാസ്ത്രീയരീതിയില്‍ സംസ്‌കരിക്കാന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി സാധിക്കും.
കാമ്പയിന്‍ ജില്ലതല ഉദ്ഘാടനം അസി. കലക്ടര്‍ മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ അധ്യക്ഷത വഹിച്ചു. തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, നവകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, തദ്ദേശ വകുപ്പ് അസി. ഡയറക്ടര്‍ കെ.വി. ഹരിദാസ്, ജില്ല ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ.വി. രഞ്ജിത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

