സ്കൂൾ സമയത്ത് ടിപ്പർ ലോറികളെ നിരോധിച്ചു
text_fieldsകാസർകോട്: ജില്ലയിലെ റോഡുകളില്‍ സ്കൂള്‍ വിദ്യാർഥികള്‍ സഞ്ചരിക്കുന്ന രാവിലെ എട്ട് മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയുമുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരോധിക്കുമെന്ന് കലക്ടര്‍ അര്ജുന് പാണ്ഡ്യന്. വെള്ളിയാഴ്ച മുതല്‍ നിരോധനം നടപ്പില്‍ വന്നു. സ്കൂള്‍ വിദ്യാർഥികള്‍ സഞ്ചരിക്കുന്ന സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നതിനാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഇത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല റോഡ് സുരക്ഷ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.
നിലവില്‍ രാവിലെ ഒമ്പതു മുതല്‍ 10 വരെയും വൈകീട്ട് നാല് മുതല്‍ അഞ്ചുവരെയുമാണ് ടിപ്പര്‍ നിരോധനം. എന്നാല്‍ ജില്ലയില്‍ രാവിലെ എട്ട് മുതല്‍ വിവിധ വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നുണ്ട്. ഉച്ചക്കുശേഷം 3.30ന് വിടുന്ന സ്കൂളുകളുണ്ട്. ഈ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. സ്കൂള്‍, കോളജ് പരിസരത്തെ റോഡ് സുരക്ഷ കര്‍ശനമാക്കണം. സുരക്ഷ സിഗ്നലുകളും സീബ്രാ ലൈനുകളും ഉറപ്പുവരുത്തണം. സ്കൂള്‍കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി കാണണം. രാവിലെയും വൈകീട്ടും കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ആര്.ടി.ഒ ജെറാഡ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷ അതോറിറ്റി അംഗങ്ങളായ പൊലീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, കെ.ആര്.എഫ്.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

