തെരുവുനായ് വന്ധ്യംകരണത്തിന് കാസര്‍കോട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങള്‍ കൂടി
text_fieldsതെരുവുനായ് ശല്യം ചര്‍ച്ച ചെയ്യാന്‍ ജില്ല ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം എന്‍.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങൾ കൂടി ഉടൻ ആരംഭിക്കും. ഒടയംചാല്‍, മംഗല്‍പാടി, മുളിയാര്‍ എന്നിവിടങ്ങളിലാണ് താൽക്കാലിക കേന്ദ്രങ്ങൾ തുടങ്ങുക. നിലവില്‍ കാസര്‍കോടും തൃക്കരിപ്പൂരുമാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ ഉള്ളത്. ജില്ലയിലെ തെരുവുനായ് ശല്യം ചര്‍ച്ച ചെയ്യാന്‍ ജില്ല ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം.
വന്ധ്യംകരണ കേന്ദ്രത്തിന്റെ നവീകരണത്തിന് ആസ്തി വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യോഗത്തിൽ അറിയിച്ചു. തെരുവ്-വളര്‍ത്ത് നായ്ക്കള്‍ക്ക് ജില്ലയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാനും വളര്‍ത്തുനായ്ക്കൾക്ക് വാക്സിനേഷനും ലൈസന്‍സും നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.
സെപ്റ്റംബര്‍ 26ന് വാക്സിനേഷന്‍ ആരംഭിച്ച് ഒക്ടോബര്‍ 26നകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കാന്‍ നിശ്ചിത ഫീസ് നിശ്ചയിക്കാനും തീരുമാനിച്ചു. ജില്ലയില്‍ ഹോട്സ്പോട്ട് ആയി കണ്ടെത്തിയ മേഖലകളില്‍ തെരുവുനായ്ക്കള്‍ക്ക് അഭയകേന്ദ്രം ഒരുക്കും.
വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സ്, വാക്സിനേഷന്‍ എന്നിവ സംബന്ധിച്ച് ആശവര്‍ക്കര്‍മാര്‍ മുഖേന വീടുകള്‍ തോറും കണക്കെടുപ്പ് നടത്തും. തെരുവുനായ് ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത്-നഗരസഭ തലങ്ങളില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കും. പഞ്ചായത്ത് ഭരണസമിതി നായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍ നടത്തണം.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്സിനേഷന്‍ നടത്തുക. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത് തലത്തിലും പ്രത്യേകം സംഘത്തെ നിയോഗിക്കും. ജില്ലയിൽ തെരുവ് നായ് നിയന്ത്രണ നടപടികൾ ഏകോപിപ്പിക്കാന്‍ അഞ്ച് മണ്ഡങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു.
മഞ്ചേശ്വരം - ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് ജോണ്‍, കാസര്‍കോട് ആർ.ഡി.ഒ അതുല്‍ എസ്. നാഥ്, ഉദുമ- ഡെപ്യൂട്ടി കലക്ടര്‍ ശശിധരന്‍ പിള്ള , കാഞ്ഞങ്ങാട് -സബ്കലക്ടര്‍ ഡി. മേഘശ്രീ , തൃക്കരിപ്പൂര്‍ - ഡെപ്യൂട്ടി കലക്ടര്‍ ജഗ്ഗി പോള്‍ എന്നിവര്‍ക്കാണ് ചുമതല. മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

