ദിവസം മൂന്ന് അപകടങ്ങൾ; പ്രതിഷേധം ശക്തം
text_fieldsചെമ്മനാട്: കട്ടക്കാൽ-മേൽപറമ്പ് കെ.എസ്.ടി.പി റോഡിൽ നടത്തുന്ന റോഡ് നിർമാണത്തിലെ സുരക്ഷ വീഴ്ചകൾമൂലം ഒരേ ദിവസം മൂന്ന് അപകടങ്ങൾ നടന്നതായി നാട്ടുകാർ.റോഡിന്റെ ഒരു വശം അപകടകരമായ നിലയിൽ പകുതിയിൽ നിർത്തിവെച്ചതും മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡ്, റിഫ്ലക്ടർ, ലൈറ്റിങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതിരുന്നതുമാണ് അപകടങ്ങൾക്ക് കാരണമായതെന്നാണ് പരാതി.
കഴിഞ്ഞ 14ാം തീയതി ചൊവ്വാഴ്ച രാത്രി ഏകദേശം ഒമ്പതോടെ, ചെമ്മനാട് മണൽ സ്വദേശിയായ പി.എം. ഷാജഹാൻ (61) സ്കൂട്ടറിൽ യാത്ര ചെയ്യവേ അതേ സ്ഥലത്ത് അപകടത്തിൽപ്പെട്ടു. ഹെൽമറ്റ് ധരിച്ചതിനാൽ വൻ ദുരന്തം ഒഴിവായെങ്കിലും ശരീരപരിക്കുകളും വാഹന നാശവും സംഭവിച്ചു.അതേദിവസം തന്നെ ഇതേഭാഗത്ത് മറ്റ് രണ്ട് അപകടങ്ങളുമുണ്ടായതായി പ്രദേശവാസികൾ അറിയിച്ചു. റോഡ് പണി നീണ്ടുനിൽക്കുന്നതിനിടയിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്തത് നാട്ടുകാരിൽ കടുത്ത ആശങ്കക്കിടയാക്കിയിരിക്കുകയാണ്.
തുടർച്ചയായ അപകടങ്ങൾ ഉണ്ടായതിനെതുടർന്ന് പിന്നീട് നാട്ടുകാർതന്നെ ഇടപെട്ട് സ്ഥലം താൽകാലികമായി സുരക്ഷിതമാക്കിയതായും പറയുന്നു. പൊതുമരാമത്ത് പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള അടിസ്ഥാന സുരക്ഷ മാനദണ്ഡങ്ങൾ പോലും പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന വിമർശനവും ശക്തമാകുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതോടൊപ്പം മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി സമർപ്പിച്ചതായും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്നും വെൽഫെയർ പാർട്ടി ചെമ്മനാട് യൂനിറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

