സാമൂഹികദ്രോഹികളേ, ഇത് മാലിന്യക്കുപ്പയല്ല
text_fields1.റോഡിന് നടുവിൽ തള്ളിയ മാലിന്യം 2.റോഡിന് മധ്യത്തിൽ ചാക്കുകളിലാക്കി മാലിന്യം തള്ളിയനിലയിൽ
മേൽപറമ്പ്: റോഡിന് മധ്യത്തിൽ മാലിന്യം ചാക്കുകളിലാക്കി കൊണ്ടിടുന്നത് നിത്യസംഭവമാകുന്നു. ബെണ്ടിച്ചാൽ-ഒറ്റത്തെങ്ങ്-കല്ലട റോഡിലാണ് സാമൂഹികദ്രോഹികൾ ചാക്കുകളിലാക്കി മാലിന്യം കൊണ്ടിടുന്നത്. കുട്ടികളുടെ ഡയപ്പർ അടക്കമുള്ള വീട്ടുമാലിന്യങ്ങളാണ് തള്ളുന്നത്. മുമ്പും ഇത്തരത്തിൽ മാലിന്യം ചാക്കുകളിലാക്കി ഈഭാഗത്തെ റോഡിൽ കൊണ്ടുവന്ന് തള്ളിയിരുന്നു. ഇതുസംബന്ധിച്ച് അന്ന് നാട്ടുകാർ മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ ഫോൺവഴി പരാതി നൽകിയിരുന്നു. സ്റ്റേഷനിൽനിന്ന് പറഞ്ഞത് പഞ്ചായത്തിൽ പരാതി നൽകാനായിരുന്നു. ഉടൻ ചെമ്മനാട് പഞ്ചായത്തിലും പരാതി നൽകി.
എന്നാൽ, മാലിന്യം കൊണ്ടിടുന്ന വണ്ടി നമ്പറോ മറ്റു തെളിവുകളോ തന്നാൽ നടപടി എടുക്കാമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. വ്യാഴാഴ്ച രാവിലെയാണ് റോഡിൽ വീണ്ടും മാലിന്യം ചാക്കിലാക്കി തള്ളിയത് നാട്ടുകാർ കണ്ടത്. വീണ്ടും പഞ്ചായത്തിൽ പരാതി പറഞ്ഞപ്പോൾ പഞ്ചായത്തുതന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും റോഡിലെ മാലിന്യം മാറ്റുമെന്നും നാട്ടുകാർക്ക് ഉറപ്പുനൽകി. ക്വാർട്ടേഴ്സുകളിൽനിന്നുള്ള മാലിന്യമാകാം ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ റോഡിലൂടെ ദുർഗന്ധംസഹിച്ച് യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ബൈക്കിലും മറ്റും പോകുമ്പോൾ മാലിന്യത്തിൽ തട്ടി യാത്രക്കാരുടെ മേൽ തെറിക്കുകയും ചെയ്യുന്നുണ്ട്. ഈഭാഗങ്ങളിൽ വീടുകളില്ലാത്തതും തെരുവുവിളക്ക് ഇല്ലാത്തതും സാമൂഹികദ്രോഹികൾക്ക് തുണയാകുന്നുണ്ട്. എത്രയുംപെട്ടെന്ന് ഈറോഡിൽ തെരുവുവിളക്കും സി.സി.ടി.വി കാമറയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടു വാർഡ് അതിർത്തിപങ്കിടുന്ന സ്ഥലമായതിനാൽ തെരുവുവിളക്ക് സ്ഥാപിക്കുന്നതിൽ ആരും മുൻകൈയെടുക്കുന്നില്ല എന്നും ആരോപണമുണ്ട്. വിജനമായ സ്ഥലമായതിനാൽ തെരുവുവിളക്ക് സ്ഥാപിച്ചാൽ ഒരുപരിധിവരെ ഈ സാമൂഹികദ്രോഹം അവസാനിപ്പിക്കാനാകുമെന്നാണ് ജനങ്ങൾ പറയുന്നത്. പഞ്ചായത്ത് ഇതിൽ നടപടി എടുത്തില്ലെങ്കിൽ നാട്ടുകാർ സംഘടിച്ച് ഇത് കൈകാര്യം ചെയ്യുമെന്നും പ്രദേശവാസികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

