സ്കൂൾ മൈതാനം ഇനി കുത്തിരിപ്പ് മുഹമ്മദ് സ്റ്റേഡിയം
text_fieldsകുത്തിരിപ്പ് മുഹമ്മദ് മെമ്മോറിയൽ സ്റ്റേഡിയമായി മാറിയ മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം
മൊഗ്രാൽ: മൊഗ്രാൽ സ്കൂൾമൈതാനം ഇനി കുത്തിരിപ്പ് മുഹമ്മദിന്റെ പേരിലറിയപ്പെടും. മൊഗ്രാലിന്റെ ഫുട്ബാൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദിന്റെ ഓർമദിനത്തിലാണ് കാൽപന്തുകളിയെ നെഞ്ചിലേറ്റിയവർ ആഗ്രഹിച്ച സന്തോഷവാർത്തയെത്തിയത്. ജില്ലയിലെ ഫുട്ബാൾ രംഗത്ത് നിറസാന്നിധ്യമായിരുന്ന കുത്തിരിപ്പ് മുഹമ്മദ് മികച്ച സംഘാടകനും പരിശീലകനുമായിരുന്നു.
ഫുട്ബാൾ ടൂർണമെന്റുകളിൽ കുത്തിരിപ്പ് മുഹമ്മദ് എത്തിപ്പെടാത്ത സ്ഥലങ്ങളില്ല. ദേശീയ-സംസ്ഥാന താരങ്ങൾക്കൊപ്പം ബൂട്ടണിഞ്ഞിരുന്ന ഇദ്ദേഹം പിന്നീട് കളിക്കാനിറങ്ങാതെ യുവാക്കളെയും വിദ്യാർഥികളെയും വിളിച്ചുകൂട്ടി മൊഗ്രാൽ സ്കൂൾമൈതാനത്ത് ദിവസവും ഫുട്ബാൾ പരിശീലനം നൽകുകയായിരുന്നു. ഇതുവഴി മൊഗ്രാൽ ഫുട്ബാളിന് നിരവധി യുവനിരയെ വളർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ദേശീയ-സംസ്ഥാനതലങ്ങളിൽതന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങൾക്ക് ജന്മംനൽകിയ ജില്ലയിലെ ഏറ്റവും പഴക്കംചെന്ന ക്ലബുകളിലൊന്നാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ്. മൊഗ്രാലിലെ ഫുട്ബാൾ പ്രേമികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് മൊഗ്രാൽ സ്കൂൾമൈതാനത്തിന് കുത്തിരിപ്പ് മുഹമ്മദിന്റെ പേരിലറിയപ്പെടാനുള്ള ജില്ല പഞ്ചായത്തിന്റെ തീരുമാനമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

