അമ്മയുടെ വിളിയിൽ വിദ്വാൻ വന്നു; അക്ഷരലോകത്തിന്റെ നേതൃത്വത്തിലേക്ക്
text_fieldsകാഞ്ഞങ്ങാട്: 1940കളുടെ മധ്യത്തിൽ കരിപ്പോത്ത് അക്കുവമ്മ എന്ന ഒരമ്മ മകന് കത്തയക്കുകയാണ്; ‘മോനേ, നിങ്ങൾ രണ്ടു ആൺ മക്കളും ബോംബേയിലായതിനാൽ ഇവിടത്തെ കാര്യങ്ങൾ നടത്തികൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടാണ്. കണ്ണൻ ഏതായാലും വരില്ല; നീ തിരിച്ചുവന്ന് കൃഷിയിലും വീട്ടുകാര്യങ്ങളിലും എന്നെ സഹായിക്കണം’. ഇത് കേൾക്കേണ്ട താമസം നീലേശ്വരം പടിഞ്ഞാറ്റംകോവിൽ കരിപ്പോത്ത് തെക്കെ വീട്ടിലെ കുഞ്ഞികൃഷ്ണൻ എന്ന ഇരുപത്തിനാലുകാരൻ വീട്ടിൽ തിരിച്ചെത്തി. ബോംബെ ക്രോണിക്കിൾ എന്ന സോഷ്യലിസ്റ്റുകളുടെ നാവായ പത്രത്തിന്റെ ഡെസ്കിൽ ഏറെ പ്രിയപ്പെട്ട ജോലി ചെയ്യുകയായിരുന്നു നീലേശ്വരത്തെ വിദ്വാൻ കെ.കെ. നായർ. അവിടെ അന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായി മിക്കപ്പോഴും പ്രമുഖ സോഷ്യലിസ്റ്റുകളായ ജയപ്രകാശ് നാരായണനും മധു ദന്തവതെയുമൊക്കെയായിരുന്നു. ഇന്ത്യ ചരിത്രത്തിൽ തിളക്കമാർന്ന ഏടിലേക്ക് നടന്നുകയറേണ്ട മനുഷ്യൻ അമ്മയുടെ പിൻവിളിയിൽ ജന്മനാട്ടിൽ തിരിച്ചെത്തി. ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ, കെ.കെ. നായർ എന്ന രാഷ്ട്രീയക്കാരനെയോ പത്രപ്രവർത്തകനെയോ ലഭിക്കുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം മൂർധന്യത്തിൽ എത്തിയ നാൽപതുകളിൽ ബോംബെയിൽനിന്ന് നീലേശ്വരത്ത് എത്തിയ കെ.കെ. നായർ ഗ്രന്ഥശാല പ്രസ്ഥാനത്തിൽ സംസ്ഥാന നേതൃസ്ഥാനത്ത് 30 വർഷക്കാലം കർമനിരതനായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ നൂറുകണക്കിന് വായനശാലകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനായി.
സഹകാരിയും രാഷ്ട്രീയ, സാംസ്കാരിക നായകനുമായി. പി.എൻ. പണിക്കരുടെ സഹചാരിയായി നീലേശ്വരത്തും കാഞ്ഞങ്ങാടും കുന്നും മലകളും പുഴകളും തോടുകളും താണ്ടി ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ സക്രിയമായി. 12 വർഷം പണിക്കരോടൊപ്പം കേരള ഗ്രന്ഥശാല സംഘത്തിന്റെ ജോ. സെക്രട്ടറി, 12 വർഷം കൺട്രോൾ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നീലേശ്വരം സഹകരണ ബേങ്ക് പ്രസിഡന്റ്, പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാല, ജനത കോഓപറേറ്റീവ് സംഘം, കാഞ്ഞങ്ങാട് വനിത കോഓപറേറ്റീവ് സംഘം അംബർ ചർക്ക കേന്ദ്രം എന്നിവയും സ്ഥാപിച്ചു. പുല്ലൂർ ജി.യു.പി സ്കൂൾ, പറശ്ശിനിക്കടവ് ഹൈസ്കൂൾ, നീലേശ്വരം രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി ജോലി ചെയ്ത് അധ്യാപനത്തിലും മികവ് പടർത്തി. 1991ലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സ്മരണയിൽ കുടുംബം നിർമിച്ച സ്മാരകം പൂർണമായും ശീതീകരിച്ച ആദ്യ ഗ്രന്ഥശാലയായി. സഹധർമിണി യു.പി. വിമലയും മകൾ യു.പി. രാധികയും കുടുംബവുമാണ് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകിയത്. കാഞ്ഞങ്ങാട് നഗരസഭ മൂന്നര ലക്ഷം രൂപ പുസ്തകത്തിനായും വകയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർഥം ട്രസ്റ്റും പ്രവർത്തിച്ചുവരുന്നു. ഈ മാസം 20ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

