ഉപ്പുവെള്ളം കയറുന്നു; തീരദേശവാസികൾ ദുരിതത്തിൽ
text_fieldsനീലേശ്വരം അഴിത്തലയിൽ വേലിയേറ്റ സമയത്തിന്റെ തുടക്കത്തിൽ കരഭിത്തിയോളം ഉയർന്ന പുഴയിലെ ജലനിരപ്പ്
നീലേശ്വരം: കടലിനും പുഴക്കുമിടയിൽ കഴിയുന്ന നീലേശ്വരം നഗരസഭയിലെ തീരദേശ കുടുംബങ്ങൾ ദുരിതത്തിൽ. പുഴയോര പ്രദേശമായ തൈക്കടപ്പുറം, അഴിത്തല, പുറത്തേക്കൈ പ്രദേശങ്ങളിൽ പുഴയിൽനിന്ന് ഉപ്പുവെള്ളം കയറുന്നതുമൂലമാണ് ദുരിതമനുഭവിക്കുന്നത്.
വേലിയേറ്റ സമയങ്ങളിലാണ് പുഴയിൽനിന്ന് കൂടുതൽ ഉപ്പുവെള്ളം കയറുന്നത്. കൃഷിനാശത്തിനു പുറമെ ദൈനംദിന ജീവിതംതന്നെ ദുരിതത്തിലായ നിലയാണെന്ന് ഈ സ്ഥലങ്ങളിൽ താമസിക്കുന്നവർ പറയുന്നു. തെങ്ങുകളെല്ലാം ഉപ്പുവെള്ളം കയറി മണ്ടപോയി നശിച്ചു. പുതുതായി നട്ട തെങ്ങിൻ തൈകളിലാകട്ടെ പുതുനാമ്പുകൾ വരുന്നേയില്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിലും ഉപ്പു വെള്ളമാണ് കിട്ടുന്നത്. ഇത് കുടിക്കാനും കുളിക്കാനും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. ജലസമൃദ്ധമായ കടലിനും പുഴക്കുമിടയിൽ ജലക്ഷാമത്താൽ പൊറുതിമുട്ടുന്ന സ്ഥിതിയിലാണ് പ്രദേശവാസികൾ. അഴിത്തല മുതൽ തൈക്കടപ്പുറം പുറത്തേക്കൈവരെ പുഴയുടെ ഭിത്തി ഉയർത്തിക്കെട്ടി മണ്ണിട്ട് ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പുഴയിൽനിന്ന് വെള്ളം കവിഞ്ഞ് പറമ്പുകളിലെത്തുന്ന സ്ഥിതി നേരത്തെയും ഉണ്ടായിട്ടുണ്ട്. കാര്യങ്കോട് പുഴയിൽ പാലായി ഷട്ടർ കം ബ്രിഡ്ജിനായി മണ്ണിട്ടുയർത്തിയ സമയത്തായിരുന്നു നേരത്തെ ഈ പ്രതിഭാസം ഉണ്ടായിരുന്നത്.
പുഴയുടെ കര ഭിത്തി ഇടിഞ്ഞുതാഴ്ന്നതാണ് ഉപ്പുവെള്ളം കവിയാനിടയാക്കിയത്. അടുത്ത വർഷങ്ങളിലൊന്നും അറ്റകുറ്റപ്പണി നടത്താത്തതിനാൽ കര ഭിത്തി ഉപയോഗശൂന്യമായിട്ടുണ്ട്. ഇതിനൊപ്പം ദേശീയപാത വികസനത്തിന്റെ ഭാഗമായും അല്ലാതെയുമുള്ള പാലം നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴയിൽ ബണ്ട് കെട്ടുന്നതും പ്രയാസമുണ്ടാക്കുന്നു.
ഇതിനാൽ വേലിയേറ്റസമയത്ത് പുഴയിലേക്ക് തള്ളിക്കയറേണ്ട വെള്ളം കര ഭിത്തിയുടെ ദുർബലതയും ഉയരമില്ലായ്മയും മുതലെടുത്ത് പുഴയോരത്തെ പറമ്പുകളിലേക്ക് കവിയുകയാണ്. ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് ദുരിതം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

