വായനശാല: പഴയത് മതി, പുതിയത് പണിേയണ്ട
text_fieldsകാസർകോട് മുനിസിപ്പൽ ലൈബ്രറി
കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റി ലൈബ്രറി വായനറൂം നിലനിർത്താനും ഇപ്പോൾ നിർമിക്കുന്ന പുതിയ വായനശാല കെട്ടിടം പണി നിർത്തിവെക്കാനും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നിർദേശം. കാസർകോട് മുനിസിപ്പാലിറ്റി ഓഫിസിന് മുൻവശത്ത് മഹാത്മാഗാന്ധി സെന്റിനറി മെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറി വായന റൂം അടച്ചുപുട്ടുന്നതിനെതിരെ വായനപ്രേമികൾ രംഗത്തുവരുകയും മന്ത്രിമാർക്കും കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയും ചെയ്തു.
ഇതുസംബന്ധിച്ച് ‘മാധ്യമം’ ഒക്ടോബർ 21ന് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് രേഖാമൂലം ജോ. ഡയറക്ടർക്കാണ് ആദ്യം നിർദേശം വന്നത്. ജോ. ഡയറക്ടർ മുനിസിപ്പാലിറ്റിയെ വിവരമറിയിക്കുകയായിരുന്നു. ഈ ഉത്തരവിന്റെ കോപ്പി പരാതി ഉന്നയിച്ചവർക്ക് കഴിഞ്ഞദിവസം ലഭിക്കുകയും ചെയ്തതോടെ ഇടുങ്ങിയ സ്ഥലമാണ് പുതിയ വായനറൂമെന്ന പരാതി അവസാനിച്ചു.
ജി.എച്ച്.എസ്.എസ് കാസർകോട്, ബി.ഇ.എം സ്കൂൾ കാസർകോട്, ജി.യു.പി.എസ് നുള്ളിപ്പാടി എന്നീ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ഗെസ്റ്റ് ഹൗസിലെ ജീവനക്കാർ, ഡോക്ടർമാർ എന്നിങ്ങനെ നിത്യേന 150ലധികം വായനക്കാരാണ് പഴയ വായനശാല ഉപയോഗിച്ചിരുന്നത്. 20 വർഷമായി ഉപയോഗിക്കുന്ന മഹാത്മാഗാന്ധി സെന്റിനറി മെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറി റീഡിങ് റൂം കാസർകോട് മുനിസിപ്പാലിറ്റി അധികൃതർ അടച്ചുപൂട്ടി പകരമായി തൊട്ടടുത്ത് പണിയുന്നത് തീരെ ഇടുങ്ങിയതും പത്തിൽ താഴെ മാത്രം ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുമുള്ളതണെന്നായിരുന്നു ആരോപണം.
നിലവിലുള്ള ലൈബ്രറി വായനക്കാർക്ക് വളരെ സൗകര്യമുള്ള ലൈബ്രറികൂടിയാണ്. അതുകൊണ്ടുതന്നെ ലൈബ്രറിയുടെ റീഡിങ് റൂം നിലവിലുള്ള കെട്ടിടത്തിൽതന്നെ തുടരാനാണ് വായനപ്രേമികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കലക്ടർക്കുമടക്കം പരാതി നൽകിയിരുന്നത്. ഇതിലാണിപ്പോൾ തീരുമാനമായിരിക്കുന്നത്. നിലവിലുള്ള വായനറൂമിൽ ശുചിമുറി സൗകര്യവും വെളിച്ചവും ഫാനും മറ്റും അറ്റകുറ്റപ്പണി നടത്തി കുറച്ചുകൂടി ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതരത്തിൽ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് വായനപ്രേമികൾ കാസർകോട് മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

