കന്നി എം.എൽ.എ മന്ത്രി എ.കെ.എം അഷ്റഫിനെ തഴഞ്ഞു
text_fieldsകാസർകോട്: ആദ്യതവണ എം.എൽ.എയായ വി.ഇ. ഗഫൂറിന് മന്ത്രി സ്ഥാനം നൽകിയപ്പോൾ മഞ്ചേശ്വരത്ത് ചരിത്ര ഭൂരിപക്ഷം നേടി ബി.ജെ.പിയെ പരാജയപ്പെടുത്തിയ എ.കെ.എം. അഷ്റഫിനെ തഴഞ്ഞു. ജില്ലയിലെ മറ്റൊരു എം.എൽ.എയും മുതിർ മുസ് ലിം ലീഗ് നേതാവുമായ കല്ലട്ര മാഹിനെയും പരിഗണിച്ചില്ല. മലപ്പുറം ജില്ല കഴിഞ്ഞാൽ മുസ്ലിം ലീഗിന്റെ വലിയ ശക്തി കേന്ദ്രം കാസർകോടാണ്. ഏതു കൊടുങ്കാറ്റിലും ഉലയാത്ത ലീഗിന്റെ രണ്ട് കോട്ടകളാണ് കാസർകോടും മഞ്ചേശ്വരവും. രണ്ടു സീറ്റുകളിലും പോരാടുന്നത് ബി.ജെ.പിയോടാണ്.
ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള രണ്ടു മണ്ഡലങ്ങൾ എല്ലാ തെരഞ്ഞെടുപ്പിലും ജയിക്കാനുള്ള തന്ത്രങ്ങൾ ബി.ജെ.പി ആവിഷ്കിക്കാറുണ്ട്. ഇത്തവണ ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കി എന്ന ആരോപണം നേരിട്ട രണ്ടു മണ്ഡലങ്ങളും സംസ്ഥാനത്ത് ജയിക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി ഉൾപ്പെടുത്തി. 79 വോട്ടിനും 754 വോട്ടിനും വിജയിച്ച മഞ്ചേശ്വരത്ത് ഇത്തവണ എ.കെ.എം അഷ്റഫ് വിജയിച്ചത് 30,000 ഓളം വോട്ടിനാണ്. ഈ വിജയത്തെയും നിയമസഭയിലെ പരിചയത്തെയും മുസ്ലിം ലീഗ് നേതൃത്വം ഉൾകൊണ്ടില്ല എന്നതാണ് ലീഗ് നേതൃത്വം പറയുന്നത്. കാസർകോട് 20,000നു മുകളിൽ ഭൂരിപക്ഷം നേടിയ മുതിർന്ന നേതാവാണ് കല്ലട്ര മാഹിൻ. കല്ലട്രയെ മാറ്റിനിർത്തി അഷ്റഫിനെ മന്ത്രിയാക്കുന്നതിൽ പരിമിതിയുണ്ട് എന്ന് പറയുന്ന നേതൃത്വം മന്ത്രിയാക്കാമായിരുന്ന എൻ.എ. നെല്ലിക്കുന്നിനെ ആസൂത്രിതമായി സ്ഥാനാർഥി നിർണയത്തിൽതന്നെ വെട്ടുകയായിരുന്നുവെന്നാണ് പറയുന്നത്. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകനെ മധ്യകേരളത്തിൽനിന്ന് ഒരു മന്ത്രി എന്ന പരിഗണനയിലാണ് നൽകിയതെന്നാണ് വാദം.
എന്നാൽ ജില്ലക്ക് ഇത്തവണ മന്ത്രിയെ നൽകേണ്ടതില്ല എന്ന തീരുമാനം സ്ഥാനാർഥി നിർണയത്തിൽതന്നെ എടുത്തുവെന്ന് വേണം കരുതാൻ എന്നാണ് ജില്ല ലീഗ് നേതാക്കൾ പറഞ്ഞത്. എങ്കിലും ഫലം വന്നശേഷം സെക്രട്ടറിയേറ്റ് ചേർന്നിട്ടില്ല. ഉന്നതാധികാര സമിതിയെന്ന പേരിൽ നടക്കുന്ന തീരുമാനത്തിൽ ജില്ലയിൽ കടുത്ത അമർഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

