കൈവന്ന ലക്ഷം രൂപ സൗഭാഗ്യം കിട്ടിയില്ല; തുണിക്കടക്കെതിരെ ഡിവൈ.എസ്.പിക്ക് യുവാവിന്റെ പരാതി
text_fieldsലക്ഷം രൂപ സമ്മാനം അടിച്ച കൂപ്പണുമായി റാഷിദ്
കാഞ്ഞങ്ങാട്: നറുക്കെടുപ്പിൽ കൈവന്ന ലക്ഷം രൂപ സൗഭാഗ്യം തുണിക്കട ഉടമകൾ നൽകിയില്ല. ആളുകൾക്ക് മുന്നിൽ പരിഹാസ്യനായ യുവാവ് നീതിതേടി പൊലീസിലെത്തിയെങ്കിലും കട മുതലാളിമാരെ വിളിപ്പിക്കാൻ തയാറാകാതെ യുവാവിനെ പൊലീസ് തിരിച്ചയച്ചതായി പരാതി ഉയർന്നു. തുണിക്കട നവീകരണമെന്ന പേരിൽ ആളുകൾക്ക് തുണിക്കടയുടെ കൂപ്പണുകൾ വിതരണം ചെയ്തിരുന്നു.
ഈ കൂപ്പൺ ജനപ്രതിനിധി നറുക്കെടുക്കുകയും ഒന്നാംസമ്മാനമായ ലക്ഷം രൂപ അജാനൂർ കൊളവയൽ കൊട്ടിലങ്ങാട്ടെ റാഷിദിന് അടിക്കുകയും ചെയ്തു. നറുക്കെടുപ്പ് ചടങ്ങിൽ റാഷിദിന്റെ പേരും മൊബൈൽ ഫോൺ നമ്പറും മൈക്കിൽ വിളിച്ചുപറഞ്ഞിരുന്നു. തുണിക്കടയുടെ സമീപത്തെ തന്റെ മൊബൈൽ കവർ വിൽപന നടത്തുന്ന കടയിൽ പോയി ഉടൻ തിരികെയെത്തിയ യുവാവിന് ലക്ഷം രൂപ സമ്മാനതുക നിഷേധിച്ചെന്നാണ് പരാതി. സമ്മാനം നൽകേണ്ട ജനപ്രതിനിധിക്ക് സമയമില്ലെന്ന കാരണത്താലും യുവാവ് ലക്ഷം രൂപ സമ്മാനത്തിന് അർഹനല്ലെന്നും പറഞ്ഞ് സമ്മാനതുക മറ്റാർക്കോ നൽകിയെന്നാണ് പരാതി. റാഷിദ് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഗൗനിച്ചില്ല. ഇതേതുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകി. പരാതി ഡിവൈ.എസ്.പി ഓഫിസ് അന്വേഷിക്കുന്നതിനായി ഹോസ്ദുർഗ് പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ എതിർകക്ഷികളെ വിളിപ്പിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

