Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത വിഴുങ്ങിയ മല...

ദേശീയപാത വിഴുങ്ങിയ മല വനമായി പുനർജനിക്കുന്നു

text_fields
bookmark_border
ദേശീയപാത വിഴുങ്ങിയ മല വനമായി പുനർജനിക്കുന്നു
cancel
camera_alt

ദേശീയപാതയിൽ നഷ്ടമായ കുന്നിന്റെ ഭാഗം

കാസർകോട്: ദേശീയപാതക്ക് ഭൂമി വിട്ടുനൽകിയതുവഴി ഇല്ലാതായിക്കൊണ്ടിരുന്ന മല വനമായി പുനർജനിക്കുന്നു. ജില്ലയിലെ ചെറുവത്തൂരിലെ വീരമലക്കുന്നാണ് കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ഇടപെടലോടെ നഗർവൻ ആയി മാറുന്നത്. ദേശീയപാതയുടെ ആറുവരിക്കായി .70 ഹെക്ടർ സ്ഥലം വിട്ടുകൊടുത്തതോടെ മല പൂർണമായും ഇലാതാകുന്ന ഘട്ടത്തിലായിരുന്നു. 22 ഹെക്ടർ ആണ് മലയുടെ വിസ്തൃതി. ഇടിഞ്ഞും ചുറ്റിലും മുകളിലുമായി വിള്ളൽ വീണും അപകട ഭീഷണിയിലുണ്ടായിരുന്ന മലയിൽ വിദേശ വൃക്ഷമായ അക്കേഷ്യയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

വനംവകുപ്പിന്റെ ഇടപെടലിൽ 72 ലക്ഷം രൂപ ചെലവിൽ പാരിസ്ഥിതികമായി പുനർസൃഷ്ടിക്കുന്ന വീരമലക്കുന്ന് ടൂറിസം കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ല ഫോറസ്റ്റ് ഓഫിസർ ജോസ് മാത്യു പ്രതികരിച്ചു. അക്കേഷ്യയെ ഘട്ടംഘട്ടമായി പൂർണമായി നീക്കം ചെയ്യും. ആല്, ഉങ്ങ്, താന്നി, മരുത് തുടങ്ങി 5000 മരങ്ങൾ വെച്ചുപിടിപ്പിക്കും. ദേശീയപാതക്ക് വിട്ടുകൊടുത്തതു വഴി നഷ്ടമായ ഭൂമി റവന്യൂവിൽനിന്ന് തിരിച്ചുപിടിച്ചു.

സോയിൽ നെയിലിങ് വഴി മലയുടെ അതിരുകൾ സംരക്ഷിച്ചു. 42 ലക്ഷം രൂപ കേന്ദ്രം അനുവദിച്ചു. ബാക്കി തുക സംസ്ഥാനം വഹിക്കും. വീരമലക്കുന്ന് സംരക്ഷിക്കാൻ മാത്രം പ്രത്യേക ബീറ്റ് സൃഷ്ടിച്ചു. മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ നിയമിച്ചുകൊണ്ടാണ് പരിസ്ഥിതി പുനഃസ്ഥാപനം നടത്തുന്നതെന്ന് അദ്ദേഹംപറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനാണ് പദ്ധതി. സ്വിമ്മിങ് പൂൾ, വാച്ച് ടവർ, കുട്ടികളുടെ പാർക്ക്, കഫറ്റീരിയ, ഇകോ ഷോപ് എന്നിവ വീരമലക്കുന്നിലേക്ക് കടന്നുവരും. വീരമലക്കുന്ന് ഇല്ലാതാകുന്നു എന്ന സ്ഥിതിയിൽനിന്നാണ് നഗർവൻ പദ്ധതിയായി രൂപപ്പെടുന്നത്.

നഗർ വൻ പദ്ധതി എന്നാൽ

ഭാരത സർക്കാറിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പദ്ധതിയാണ് നഗർ വൻ യോജന. നഗരങ്ങളിലും പട്ടണങ്ങളിലും നഗരവനങ്ങൾ വികസിപ്പിച്ചുകൊണ്ട് പച്ചപ്പ്, ജൈവവൈവിധ്യം എന്നിവ വർധിപ്പിക്കുകയും നഗരവാസികൾക്ക് പാരിസ്ഥിതികവും വിനോദപരവുമായ നേട്ടങ്ങൾ പ്രദാനം ചെയ്യുകയുമാണ് ഇത് ലക്ഷ്യമിടുന്നത്. മലിനീകരണം തടയുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിനും വന്യജീവികൾക്കും മനുഷ്യർക്കും ഒരുപോലെ ഒരു അഭയകേന്ദ്രം ഒരുക്കുന്നതിനുമായി നഗരപ്രദേശങ്ങളിൽ ഹരിതാഭമായ ഇടങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. നഗര ചുറ്റുപാടുകളിലേക്ക് പ്രകൃതിയെ സമന്വയിപ്പിക്കുന്നതിലൂടെ, പരിസ്ഥിതി അവബോധം വളർത്താനും നഗരവാസികളുടെ ജീവിതനിലവാരം ഉയർത്താനും ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നു.

നേട്ടങ്ങൾ

വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും നഗരങ്ങളിലെ കടുത്ത ചൂട് കുറക്കുന്നതിലും നഗരവനങ്ങൾ നിർണായക പങ്ക് വഹിക്കും. വിനോദത്തിനുള്ള ഇടങ്ങൾ നൽകിക്കൊണ്ടും മാനസിക ഉല്ലാസം പ്രോത്സാഹിപ്പിച്ചുകൊണ്ടും ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടും ഇവ വലിയ തോതിലുള്ള സാമൂഹിക-ആരോഗ്യ ഗുണങ്ങളും നൽകുന്നു.

കൂടാതെ, നഗരവനങ്ങളെ ഒരു വിദ്യാഭ്യാസ വേദിയായി ഉപയോഗിക്കാൻ സാധിക്കും. ഇത് നഗരങ്ങളിലെ ജനങ്ങൾക്കിടയിൽ പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര ജീവിതത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താൻ സഹായിക്കും. നഗർ വൻ പ്രോജക്ടിനായി നിർദേശിച്ചിരിക്കുന്ന ഈ സ്ഥലം നിലവിൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലും മാനേജ്‌മെന്റിലുമുള്ള ഒരു വനപ്രദേശമാണ്. അധിനിവേശ സസ്യമായ അക്കേഷ്യയാണ് ഈ ഭൂമിയിൽ ഭൂരിഭാഗവും പടർന്നു പന്തലിച്ചിരിക്കുന്നത്. അതിനാൽ, അക്കേഷ്യ നീക്കം ചെയ്ത് ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം വീണ്ടെടുക്കാനും മെച്ചപ്പെടുത്താനുമുള്ള ഒരു 'ഇക്കോ-റീസ്റ്റൊറേഷൻ' സാധ്യതയാണ് ഇവിടെയുള്ളത്.

ബഹുതല സ്പർശിയായ നഗരവനം

വീരമലക്കുന്നിലെ നഗർ വൻ യോജന പ്രോജക്ട് കാസർകോട് ജില്ലയിലെ പാരിസ്ഥിതിക സുസ്ഥിരത, ജൈവവൈവിധ്യം, ജനക്ഷേമം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ സംരംഭമാണ്. സമൂഹവുമായി ബഹുമുഖ ബന്ധമാണ് ഈ പദ്ധതിയിൽ ഉണ്ടാകുക. പ്രദേശത്തിന്റെ സ്വാഭാവിക ഭംഗി പ്രയോജനപ്പെടുത്തിക്കൊണ്ടും വെട്ടുകല്ല് നിറഞ്ഞ മൺപ്രകൃതിയുടെ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടും, ഭാവിയിലെ ഹരിത ഇടങ്ങളുടെ വികസനത്തിന് ഒരു മാതൃകയാക്കാവുന്ന തരത്തിൽ ഊർജസ്വലമായ ഒരു നഗരവനം സൃഷ്ടിക്കുകയാണ് ഈ പ്രോജക്ട് ലക്ഷ്യമിടുന്നത്.

അധിനിവേശ സസ്യമായ അക്കേഷ്യ നീക്കം ചെയ്ത്, തദ്ദേശീയ സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് മണ്ണിന്റെ ഗുണം കൂട്ടുന്നതിലൂടെയും പ്രാദേശിക ജൈവവൈവിധ്യം വർധിപ്പിക്കുന്നതിലൂടെയും ഈ പദ്ധതി പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കും. പക്ഷികളെയും ചിത്രശലഭങ്ങളെയും ആകർഷിക്കുന്ന സസ്യങ്ങൾക്കൊപ്പം ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഇവിടെ നട്ടുപിടിപ്പിക്കും. ഇത് സമൃദ്ധവും അതിജീവനശേഷിയുള്ളതുമായ ഒരു ആവാസവ്യവസ്ഥയെ രൂപപ്പെടുത്തും.

പരിസ്ഥിതി പുനരുദ്ധാരണത്തിന് പുറമെ, ജോഗിങ് ട്രാക്കുകൾ, വിദ്യാഭ്യാസ മേഖലകൾ, സംവേദനാത്മക പരിപാടികൾ തുടങ്ങിയ വിനോദ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഈ പദ്ധതി സമൂഹത്തെ ഇതിലേക്ക് പങ്കാളികളാക്കും. ഇത് ജനങ്ങളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തുകയും, ആരോഗ്യകരമായ ജീവിതശൈലിയും പ്രകൃതിയോട് ആഴത്തിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ജൈവവൈവിധ്യ പാർക്ക്, ശലഭോദ്യാനം, ജലാശയ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഒരു മികച്ച വിദ്യാഭ്യാസ സഹായിയായി വർത്തിക്കും. ഇത് പ്രകൃതി സംരക്ഷണ സംസ്കാരം വളർത്താൻ സഹായിക്കും.

ദീർഘകാല സുസ്ഥിരത മനസ്സിൽ കണ്ടുകൊണ്ടാണ് ‘നഗർ വൻ’ യോജന രൂപകൽപന ചെയ്തിരിക്കുന്നത്. സമഗ്രമായ പരിപാലന പദ്ധതികൾ, ജനപങ്കാളിത്തം, വൈവിധ്യമാർന്ന ഫണ്ടിങ് രീതികൾ എന്നിവയിലൂടെ നഗരവനത്തിന്റെ തുടർച്ചയായ വിജയവും വളർച്ചയും ഈ പ്രോജക്ട് ഉറപ്പാക്കും. പ്രകൃതിസൗഹൃദ അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങൾക്ക് അനുയോജ്യമായ മാനേജ്‌മെന്റ് രീതികളും പദ്ധതിയുടെ കരുത്തും സ്വാധീനവും വർധിപ്പിക്കുമെന്ന് വനം വകുപ്പ് പറയുന്നു.

നിയന്ത്രണം സംരക്ഷണ സമിതിക്ക്

വീരമലക്കുന്ന് വിനോദ സഞ്ചാര കേന്ദ്രം കൂടിയാകുന്നതോടെ സംരക്ഷണത്തിന് വനംവകുപ്പിന്റെ കീഴിൽ വീരമല കുന്ന് സംരക്ഷൺ സമിതി വരും. ഈ സമിതിക്കായിരിക്കും കുന്നിന്റെ പൂർണ നിയന്ത്രണം. വനംപരിസ്ഥിതി, ജനങ്ങളുടെ നിയന്ത്രണം എല്ലാം ഈ സമിതിക്കായിരിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമായിരിക്കില്ല. മറിച്ച് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള മാനേജ്മെന്റായിരിക്കും ഉണ്ടാകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment daylocalnewsKasargod
News Summary - The hill swallowed by the national highway is reborn as a forest
Next Story