എൻഡോസൾഫാൻ നിർവീര്യമാക്കൽ; ആദ്യപടി പൂർത്തിയായി
text_fieldsകാസർകോട്: ജില്ലയിലെ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിന്റെ അദ്യപടിയായുള്ള ബാരലിലേക്ക് നീക്കുന്നത് പൂർത്തിയായി. പ്ലാന്റേഷൻ കോർപറേഷൻ കേരള (പി.സി.കെ) ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിന് മുന്നോടിയായാണ് പുതിയ ബാരലുകളിലേക്ക് മാറ്റിയത്. ഇങ്ങനെ കഴിഞ്ഞദിവസം രാജപുരത്തെ 450 ലിറ്ററും പെരിയയിൽ സൂക്ഷിച്ച 700 ലിറ്ററും ചീമേനിയിൽ കട്ടപിടിച്ചുകിടന്ന 10 കിലോ എൻഡോസൾഫാനും പുതിയ ബാരലുകളിലാക്കി സീൽ ചെയ്തു.
ബാരലുകളിലേക്ക് മാറ്റിയപ്പോൾ കീടനാശിനിയുടെ കൃത്യമായ അളവും കണക്കാക്കിയിട്ടുണ്ട്. 100 ലീറ്റർ വീതം സംഭരണശേഷിയുള്ള ബാരലുകളിലേക്കാണ് ഇവ മാറ്റിയത്.
ദേശീയ ഹരിത ട്രൈബ്യൂണലി ന്റെ (എൻ.ജി.ടി) നിർദേശപ്രകാരം കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് ദക്ഷിണമേഖല റീജനൽ ഡയറക്ടർ ഡോ. ജെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു എൻഡോസൾഫാൻ മാറ്റിയത്. ഇതിന്റെ റിപ്പോർട്ടും എൻഡോസൾഫാന്റെ കൃത്യമായ കണക്കും സി.പി.സി.ബി അടുത്ത മാസം നടക്കുന്ന എൻ.ജി.ടി സിറ്റിങ്ങിൽ സമർപ്പിക്കും.
ഇതിനുശേഷമായിരിക്കും ഇവ നിർവീര്യമാക്കുന്നതിനുള്ള ടെൻഡർ നടപടി. അപകടകരമായ കീടനാശിനി (ഹസാർഡസ് വേസ്റ്റ്) നിർവീര്യമാക്കുന്നതിൽ അനുഭവസമ്പത്തുള്ള രാജ്യത്തെ കമ്പനികളായിരിക്കും ടെൻഡറിൽ പങ്കെടുക്കുക. മുമ്പ് എൻഡോസൾഫാൻ സൂക്ഷിച്ച പഴയ ബാരൽ ഉൾപ്പെടെ കരാർ നേടുന്ന കമ്പനി കൊണ്ടുപോകും.
ബാരൽമാറ്റ നടപടികളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി എൻജിനീയർ പി.ബി. ശ്രീലക്ഷ്മി, സി.പി.സി.ബി സയന്റിസ്റ്റ് ഡോ. വി. ദീപേഷ്, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കലക്ടർ ലിബു എസ്. ലോറൻസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

