ജില്ലയിലെ ആദ്യ ഫോറസ്റ്റ് സ്റ്റേഷൻ ബന്തടുക്കയില്‍
text_fieldsകാസർകോട്: വനം -വന്യജീവി വകുപ്പില്‍ കാസർകോട്ടെ ബന്തടുക്കയിലടക്കം ആറു പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിച്ചു. വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യമറിയിച്ചത്. കല്ലാര്‍, ആനക്കുളം, മലമ്പുഴ, ആനക്കാംപൊയില്‍, കൊട്ടിയൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷന്‍.
കാസർകോട് ജില്ലയില്‍ ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനാണ് ബന്തടുക്കയില്‍ രൂപവത്കരിക്കുന്നത്. വനംവന്യജീവി സംരക്ഷണം കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകള്‍ രൂപവത്കരിക്കുന്നത്. ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍ ആസ്ഥാനമായാണ് ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിച്ചതെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു.
ജില്ലയിലെ കാറഡുക്ക, മുളിയാര്‍, ദേലംപാടി, പുല്ലൂര്‍ പെരിയ, ബേഡഡുക്ക, കുറ്റിക്കോല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ വര്‍ഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. അടുത്തകാലത്തായി പുലിയിറങ്ങുകയും വ്യാപകമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തു. വന്യമൃഗശല്യം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്നവിധത്തില്‍ കുറ്റിക്കോല്‍ ആസ്ഥാനമായി ഫോറസ്റ്റ് സ്റ്റേഷന്‍ ആരംഭിക്കണമെന്ന് നിയമസഭയില്‍ സബ്മിഷന്‍ മുഖേന എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ വനംവകുപ്പിന്റെ താല്കാലിക ആര്‍.ആര്‍.ടിയും ജീവനക്കാരും ഉള്‍പ്പെടുന്ന കാറഡുക്ക, പരപ്പ, ബന്തടുക്ക എന്നീ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരും വാഹനസൗകര്യവും ഇവര്‍ക്കില്ല. സെര്‍ച്ച് ലൈറ്റുകള്‍, നിരീക്ഷണക്കാമറകളുടെ ബാറ്ററിപോലുള്ള അനുബന്ധ ഉപകരണങ്ങള്‍, കൂടുകള്‍ തുടങ്ങിയവയുടെ കുറവ് വനംവകുപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
പുതുതായി ഫോറസ്റ്റ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വാഹനങ്ങളും ജീവനക്കാരും ഉപകരണങ്ങളും ലഭ്യമാകുമെന്നും മേല്‍പറഞ്ഞ പഞ്ചായത്തുകളില്‍ രൂക്ഷമായി അനുഭവപ്പെടുന്ന വന്യമൃഗശല്യം ഒരുപരിധിവരെ പ്രതിരോധിച്ച് നിയന്ത്രണവിധേയമാക്കുന്നതിന് സാധിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

