കൈക്കൂലി വാങ്ങി അറസ്റ്റിലായ ഡോക്ടർക്ക് ഒടുവിൽ സസ്പെൻഷൻ
text_fieldsകാസർകോട്: ശസ്ത്രക്രിയ നിർദേശിച്ച രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ അറസ്റ്റിലായ കാസർകോട് ജനറൽ ആശുപത്രി അനസ്തെറ്റിസ്റ്റ് ഡോ. വെങ്കിടഗിരിക്ക് ഒടുവിൽ സസ്പെൻഷൻ. ഇക്കഴിഞ്ഞ മൂന്നിന് വിജിലൻസ് പിടിയിലായിട്ടും ഡോക്ടർക്കെതിരെ നടപടിയുണ്ടാകാതിരുന്നത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു.
രാഷ്ട്രീയ സംരക്ഷണമാണ് ഡോക്ടർക്കെതിരെ നടപടി വൈകിക്കുന്നതെന്നായിരുന്നു ആരോപണം. അറസ്റ്റിലായി ഒമ്പത് ദിവസത്തിനുശേഷം വെള്ളിയാഴ്ചയാണ് ഡോക്ടറെ അധികൃതർ സസസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
അഴിമതിക്കേസിൽ അറസ്റ്റിലായാൽ 24 മണിക്കൂർ സമയം ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും അദ്ദേഹം സസ്പെൻഷനിലാണ് എന്നാണ് ചട്ടം. എന്നാൽ ഡോ. വെങ്കിടഗിരിക്കെതിരെ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
തലശ്ശേരി വിജിലൻസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് ഡോ. വെങ്കിടഗിരി ജയിലിലാണ്. ഉടൻ തന്നെ വിജിലൻസ് ഡിവൈ.എസ്.പി വിശ്വംഭരൻ സസ്പെൻഷന് ശിപാർശ ചെയ്തിരുന്നു. മറ്റുവകുപ്പുകളിലെ ജീവനക്കാർക്കെതിരെ വിജിലൻസ് എടുക്കുന്ന കേസുകളിൽ അറസ്റ്റിലായി ഏതാനും മണിക്കൂറുകൾക്കകം ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുന്നതാണ് പതിവ്.
വെങ്കിടഗിരിക്കെതിരെ ഇതിനു മുമ്പ് വിജിലൻസ് നടപടിയും മനുഷ്യാവകാശ കമീഷനിൽ പരാതിയും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമീഷനിൽ ലഭിച്ച പരാതിയിൽ ആരോഗ്യ ഡയറക്ടറേറ്റ് നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടും തുടർ നടപടിയുണ്ടാകാതിരുന്നതും രാഷ്ട്രീയ ഇടപെടലിനെ തുടർന്നായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

