എരിക്കുളം വയലിൽ മണ്ണെടുപ്പുത്സവം തുടങ്ങി
text_fieldsഎരിക്കുളം വയലിൽ മൺപാത്ര നിർമാണത്തിനാവശ്യമായ മണ്ണ് ശേഖരിക്കുന്ന നാട്ടുകാർ
നീലേശ്വരം: ജില്ലയിൽ മൺപാത്ര നിർമാണം നടക്കുന്ന മടിക്കൈ പഞ്ചായത്തിലെ എരിക്കുളം ഗ്രാമവാസികൾക്ക് ഇനിയുള്ള നാളുകള്‍ മണ്ണെടുപ്പ് ഉത്സവത്തിന്റേതാണ്. എരിക്കുളം വയലിൽനിന്നാണ് മൺപാത്ര നിർമാണത്തിനായുള്ള മണ്ണ് കുഴിച്ചെടുക്കുന്നത്. പരമ്പരാഗതമായ ചടങ്ങുകളോടെയാണ് വയലിൽനിന്ന് മണ്ണ് കുഴിച്ചെടുക്കുന്നത്. അടുത്ത ഒരുവര്‍ഷത്തേക്കുള്ള മണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് അവരവരുടെ പറമ്പില്‍ ചെറിയ കുഴിയില്‍ സൂക്ഷിക്കുന്നതാണ് രീതി.
വയലിൽ കുഴിച്ചാൽ കിട്ടുന്ന ചളി, ചൂര്, പൊടി ചൂര് എന്നീയിനം മണ്ണുകളാണ് ലഭിക്കുക. ഇവ വീടുകളിലെത്തിച്ച് ആവശ്യത്തിന് പൂഴി ചേർത്ത് മൺപാത്ര നിർമാണത്തിനാവശ്യമായ കളിമണ്ണാക്കി മാറ്റും. എരിക്കുളത്തെ കുശവ സമുദായത്തിലെ 200 കുടുംബങ്ങളിൽ പകുതി പേർ മാത്രമേ ഇപ്പോൾ ഈ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നുള്ളൂ.
എല്ലാവർഷവും ഏപ്രിൽ മാസങ്ങളിലാണ് മണ്ണെടുപ്പ് നടക്കുന്നത്. കണിക്കലങ്ങളും മറ്റ് മൺപാത്രങ്ങളും നിര്‍മിക്കുന്നതിനാവശ്യമായ മണ്ണ് ശേഖരിക്കുന്നതിനായി ഓരോ കുടുംബത്തിലെ ആബാലവൃദ്ധൻമാരും വയലിലേക്കിറങ്ങും.
കനത്ത ചൂടിനെ പോലും വകവെക്കാതെ പകലന്തിയോളം വയലില്‍ മണ്ണെടുപ്പ് ജോലിയില്‍ മുഴുകിയിരിക്കുകയാണ് ഇവിടുത്തെ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍.
എന്നാൽ അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ വീടുകളിലെ അടുക്കളകൾ കയടക്കുന്നത് ഇവരുടെ തൊഴിൽ മേഖലക്ക് ഭീഷണിയാകുന്നുണ്ട്. മാത്രമല്ല പുതുതലമുറ ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല. ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട നിർമാണത്തിൽ ഏർപ്പെടുന്നവർക്ക് സർക്കാറിെന്റ ഭാഗത്തുനിന്ന് ഒരു അനുകൂല്യവും ലഭിക്കാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

